എം. ജബീന സെക്രട്ടറി, സ്നേഹതീരം സ്നേഹതീരത്തിലെ സ്ത്രീശക്തിയുടെ കൂട്ടായ്മയാണ് പെൺമ. പെൺമയുടെ പ്രവർത്തനങ്ങൾക്ക് പ്രേരണയും സഹകരണവും നൽകുന്നത് മാതൃസംഘടനയാണ്. അതുകൊണ്ടുതന്നെ പെൺമ (പെണ്ണ്+നന്മ) എന്ന പേര് അന്വർഥമാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏതൊരു കൂട്ടായ്മയും നിലനിന്നുപോകുന്നത് അംഗങ്ങളുടെ ഒരുമയിലും ഒത്തുചേരലിലും ആണല്ലോ. സംരംഭത്തിെൻറ അടിസ്ഥാനഘടകം സാമ്പത്തികമാണ്. ഇതിലേക്കായി ഞങ്ങൾ തുടങ്ങിവെച്ച ഒന്നാണ് ചിട്ടി. ഇതിൽ ലാഭേച്ഛ ഇല്ല. പെരുമാതുറയിലെ സ്കൂളുകളിൽ വാട്ടർ ടാങ്ക്, പമ്പ്, ശുചിമുറികൾക്ക് വാതിൽ എന്നിവ നൽകിയതും മാടൻവിളയിലെ ഒരു സ്ത്രീയുടെ ചോർന്നൊലിക്കുന്ന വീടിന് മേൽക്കൂര പണിതുകൊടുക്കുന്നതിനും കാൻസർ, ക്ഷയരോഗം രോഗങ്ങൾ ബാധിച്ച രണ്ട് സ്ത്രീകൾക്ക് ചികിത്സ സഹായം ചെയ്യുന്നതിനും പെൺമയുടെ ഒരംഗത്തിെൻറ ഭർത്താവ് മരിച്ചപ്പോൾ കുട്ടികൾക്ക് പഠനസഹായം ചെയ്യാനും ഈ ചിട്ടി വഴി സ്വരൂപിച്ച പണംകൊണ്ട് പെൺമക്ക് സാധിച്ചു. മറ്റ് മേഖലകളിലേക്കും 'പെൺമ'യുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണല്ലോ ആരോഗ്യം. അതിനുവേണ്ടി പെൺമ നടത്തിയ 'ഹെർ ഹെൽത്ത് ആൻഡ് ഹൈജീൻ' വിഷയത്തിൽ കൗമാരക്കാരികളുടെ ആരോഗ്യ ശുചിത്വപരിപാലനത്തിനായുള്ള ക്ലാസ് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പാലിയേറ്റിവ് ഇന്ത്യയുമായി സഹകരിച്ച് പാലിയേറ്റിവ് കെയർ വളൻറിയേഴ്സ് ഒരു പരിശീലന ക്ലാസും നടത്തിയിരുന്നു. സാമൂഹികരംഗത്തും ഞങ്ങളുടെ പാദമുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കുട്ടികളുടെ വ്യക്തിത്വത്തിൽ അമ്മമാർക്കുള്ള പങ്ക്' വിഷയത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകയായ വിമലാ മേനോൻ നടത്തിയ പ്രഭാഷണം, കുട്ടികൾക്കും അമ്മമാർക്കും പ്രത്യേകം പ്രത്യേകമായി നടത്തിയ കൗൺസലിങ് എന്നിവയും ശ്രദ്ധേയമാണ്. നമ്മളേവരും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലന ക്ലാസ് യൂനിവേഴ്സിറ്റി കോളജിലെ ഹിസ്റ്ററി പ്രഫസർ ഡോ. സി.എം. നസീമയെക്കൊണ്ട് നടത്തിപ്പിക്കാനും സാധിച്ചു. നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടെ ആഭരണ നിർമാണ പരിശീലന പരിപാടി നടത്തിയതിൽ ഇരുപതോളം പേർ പങ്കെടുത്തു. പെൺമയും പെരുമാതുറ നിവാസികളും ചാരിതാർഥ്യത്തോടെ മനസ്സിലേറ്റിയ പരിപാടിയായിരുന്നു നവോഥാൻ പ്രസ്ഥാനത്തിെൻറ ആഭിമുഖ്യത്തിലുള്ള സ്തനാർബുദ നിർണയ ക്യാമ്പ്. വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും സ്തനപരിശോധനക്ക് അറച്ചുനിൽക്കാറുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം നന്നേ കുറവുള്ള പെരുമാതുറ ഭൂരിപക്ഷ സ്ത്രീസമൂഹം ഇങ്ങനെയൊരു ക്യാമ്പിെൻറ ആവശ്യകതയെ കുറിച്ച് ചിന്തിക്കുകയും അത് വിജയകരമായി പ്രാവർത്തികമാക്കുകയും ചെയ്തു. സ്താനാർബുദത്തെക്കുറിച്ചുള്ള അവബോധവും സംശയനിവാരണങ്ങളും നൽകാൻ കഴിഞ്ഞു. തുടർചികിത്സ ആവശ്യമുള്ളവർക്ക് അതിനുവേണ്ട സംവിധാനം പെൺമ തന്നെ ഒരുക്കിക്കൊടുത്തു. ഈ അവസരത്തിൽ IMA തന്ന പിന്തുണ എടുത്തുപറയേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിച്ച പെൺമയുടെ സംതൃപ്തിയും ഇതിൽ പങ്കെടുത്ത ഓരോ സ്ത്രീക്കും ലഭിച്ച ആശ്വാസവും വാക്കുകൾക്കതീതമാണ്. ഇനിയും ഏറെയുണ്ട് പെൺമയുടെ പ്രവർത്തനങ്ങൾ. വനിതാസംഗമത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു അദാനി ഗ്രൂപ് പ്രോജക്ട് ഓഫിസർ സെബാസ്റ്റ്യൻ ബ്രിട്ടോ നയിച്ച ചർച്ചാക്ലാസ്. സ്ത്രീയാണ് ശക്തി എന്ന് സമർഥിച്ചുകൊണ്ടായിരുന്നു തുടക്കം. സദസ്യരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒന്നായിരുന്നു അത്. അതോടൊപ്പം നടന്ന 'അപ്പൂപ്പൻതാടി' ഓൺലൈൻ ഗ്രൂപ്പിെൻറ അമരക്കാരിയായ സജ്നാ അലിയുടെ യാത്രാനുഭവ വിവരണം സദസ്യരുടെ മനംകവർന്നു. പഠന പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ തിരിച്ചറിയാനും അവരെ മുൻനിരക്കാർക്കൊപ്പം എത്തിക്കാനും കഴിയുന്നതെങ്ങനെ എന്നുള്ള വിഷയത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ജെ.ടി. അൻസാരി നയിച്ച ക്ലാസും വളരെ പ്രയോജനകരമായിരുന്നു. ഡോ. ഷെറീഫായുടെ സ്തന രോഗങ്ങളെക്കുറിച്ച് നടത്തിയ ക്ലാസും എടുത്തുപറയേണ്ടതാണ്. കരകൗശന മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചും ജൈവകൃഷി, ടെറസ് കൃഷി എന്നിവയെക്കുറിച്ചുമുള്ള ക്ലാസുകൾ കാലഘട്ടത്തിനനുയോജ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.