ഡോ. വിളക്കുടി രാജേന്ദ്രൻ (പ്രസിഡൻറ്, പത്തനാപുരം-പുനലൂർ സൗഹൃദവേദി) വിവിധ പ്രദേശങ്ങളിൽ ജനിച്ച് തിരുവനന്തപുരത്ത് സ്ഥിരവാസം ഉറപ്പിച്ചവർ ജന്മനാടിെൻറ സ്മരണയിൽ രൂപവത്കരിച്ചിട്ടുള്ള ഏതാനും കലാ സാംസ്കാരിക സാമൂഹിക സംഘടനകൾ അനന്തപുരിയിൽ പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലമേ ആയിട്ടുള്ളൂ ഇത്തരം കൂട്ടായ്മകൾ രൂപംകൊണ്ടിട്ട്. ജന്മനാടുമായുള്ള ആത്മബന്ധവും ഗൃഹാതുരത്വവുമാണ് ഇത്തരം കൂട്ടായ്മകൾ ഒരുക്കിയത്. ആണ്ടുതോറും ഓണാഘോഷവും കുടുംബസംഗമവും നടത്തി പിരിയുന്നവയാണ് ഇവയിലധികവും. ഇതിനപ്പുറമുള്ള തുടർപ്രവർത്തനങ്ങൾ പലതിനുമില്ല. ചിലതെല്ലാം ഇപ്പോൾ നിർജീവമായിട്ടുണ്ടുതാനും. ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് പെരുമാതുറ സ്നേഹതീരമെന്ന് അനുഭവത്തിെൻറ വെളിച്ചത്തിൽ ആഹ്ലാദപൂർവം രേഖപ്പെടുത്തുന്നു. 2010 ഡിസംബർ 26ന് തിരുവനന്തപുരത്തെ കോ-ബാങ്ക് ടവേഴ്സിലാണ് പെരുമാതുറക്കാറുടെ ഈ കൂട്ടായ്മക്ക് അരങ്ങൊരുങ്ങിയത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത ജാതിമതങ്ങളിൽപെടുന്ന, അനവധി ആളുകൾ ഉത്സാഹഭരിതരായി ഈ കുടുംബസംഗമത്തിൽ അണിചേർന്നത് ഓർക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചരിത്ര സെമിനാറിൽ പെരുമാതുറക്കും ചുറ്റിനുമുള്ള സ്ഥലനാമങ്ങളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം ലഭിച്ചത് എനിക്കാണ്. ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും മുദ്രകൾ ആഴത്തിൽ പതിഞ്ഞിട്ടുള്ളതാണ് ഇവിടുത്തെ ഏതാനും സ്ഥലനാമങ്ങൾ. പ്രാചീന സംസ്കൃതിയുടെ അവശേഷിക്കുന്ന ഏക തെളിവാണിവ. 'പെരുമാൾ തുറ'യിലെ പെരുമാൾ കേരളം ഭരിച്ച ഒടുവിലത്തെ പെരുമാളിെൻറ (ചക്രവർത്തി) സ്മരണയുണർത്തുന്നു. 36 കൊല്ലം നാട് ഭരിച്ച് രാജ്യം മക്കൾക്കും മരുമക്കൾക്കുമായി പങ്കിട്ട് ഇസ്ലാംമതം സ്വീകരിച്ച് മക്കയ്ക്കുപോയ പെരുമാളിെൻറ സൂചകമാണ് ഈ പദം. ചേര രാജധാനിയായിരുന്ന കൊടുങ്ങല്ലൂരെപ്പോലെ പ്രഖ്യാതമായ ഒരു സ്ഥലമായിരുന്നു ഇത്. വിശുദ്ധദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലമാവാം ഇന്നത്തെ ചേരമാൻ തുരുത്ത്. ആ ചേര ചക്രവർത്തിയുടെ കൊട്ടാരവും കോട്ടക്കൊത്തളങ്ങളും നിലനിന്ന സ്ഥലം 'കൊട്ടാരം തുരുത്താ'യി എന്നു കരുതാം. 'ചന്ദ്രശാലാശതങ്ങളും ചാരുതരഹർമ്യങ്ങളും' നിറഞ്ഞ ഈ പ്രാചീന നഗരിയുടെ ഏതാനും ഭാഗങ്ങൾ കാലത്തിെൻറ കുത്തൊഴുക്കിൽ കടലെടുത്തുപോയി. ഏതാനും പറമ്പുകളുടെയും ഗൃഹനാമങ്ങളുടെയും പേരുകൾ പ്രേദശത്തിെൻറ പ്രാചീനതക്ക് സാക്ഷ്യമായുണ്ട്. ശാസ്ത്രീയമായ ഒരു ഭൂഖനനം ഇവിടത്തെ പ്രാക്തനതയിലേക്കുള്ള അറിവു പകരുമെന്ന് നിരീക്ഷിക്കുന്നതായിരുന്നു അന്നത്തെ എെൻറ പ്രബന്ധം. പ്രാചീന സ്ഥലനാമങ്ങളെപ്പറ്റിയുള്ള പഠനങ്ങളിൽനിന്ന് കണ്ടെത്തുന്ന വസ്തുതകൾ കൂടി ചേർത്തുകൊണ്ട് കേരള ചരിത്ര പുനർനിർമാണത്തിെൻറ ആവശ്യകത ചൂണ്ടിക്കാട്ടാൻ ഈ ചരിത്ര സെമിനാറിന് കഴിഞ്ഞു. തിരുവനന്തപുരത്തെ കലാ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ ഇ.എം. നജീബും എസ്. സക്കീർഹുസൈനുമാണ് സംഘടനയുടെ കാര്യദർശികൾ. വർഷങ്ങളായി എനിക്ക് ഹൃദയബന്ധമുള്ള ആത്മാർഥ സുഹൃത്താണ് സക്കീർഹുസൈൻ. അദ്ദേഹം വഴിയാണ് സ്നേഹതീരവുമായി ഞാൻ ബന്ധപ്പെട്ടത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഈ കൂട്ടായ്മ നിർവഹിച്ചുപോരുന്ന സേവനങ്ങൾ ശ്ലാഘനീയമാണ്. ഈ കൂട്ടായ്മയുടെ ജനപിന്തുണക്കുള്ള തെളിവാണ് 35 ലക്ഷത്തോളം രൂപ ചെലവാക്കി പാറ്റൂരിൽ നിർമിച്ചിട്ടുള്ള ആസ്ഥാന മന്ദിരം. ജന്മനാടിെൻറ സ്മരണയിൽ തലസ്ഥാനനഗരിയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ മികച്ച സ്ഥാനംനേടാൻ പെരുമാതുറ സംഘത്തിന് കഴിയുന്നത് വിഭാഗീയതകളില്ലാത്ത സ്നേഹ സമർപ്പണം എന്നിവ കൊണ്ടാണ്. ഈ സ്നേഹകൂട്ടായ്മക്ക് എല്ലാ മംഗളങ്ങളും നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.