സ്വകാര്യ ആശുപത്രികളും പകര്‍ച്ചരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം -കലക്ടര്‍

കൊല്ലം: പ്രളയത്തെതുടര്‍ന്ന് പകര്‍ച്ചരോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കണ്ടെത്തുന്ന രോഗങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിർദേശിച്ചു. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പെട്ടാല്‍ അതത് മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യാം. ജില്ലതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇൻറഗ്രേറ്റഡ് ഡിസീസ് കണ്‍ട്രോള്‍ സര്‍വൈലന്‍സ് പ്രോഗ്രാമില്‍ നേരിട്ടും വിവരം നല്‍കാം. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാനായി തയാറാക്കിയ ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. രോഗബാധിതമേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വിവരശേഖരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍തലത്തില്‍ തയാറാക്കിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചികിത്സ നടപ്പിലാക്കുന്നതെന്ന് സ്വകാര്യമേഖലയിലെ ചികിത്സകര്‍ ഉറപ്പാക്കണം. എലിപ്പനി പ്രതിരോധത്തിനും ചികിത്സക്കുമായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകൾ, പെനിസിലിന്‍, സെഫ്ട്രിയാക്‌സോണ്‍ ഇന്‍ജക്ഷനുകളും സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാക്കണം. പകര്‍ച്ച രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആരോഗ്യവിദഗ്ധര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പകര്‍ച്ച രോഗസാധ്യത മേഖലകള്‍, പ്രതിരോധ പ്രവര്‍ത്തനരീതികള്‍, ചികിത്സ പ്രോട്ടോക്കോള്‍, രോഗവിവരങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് എന്നിവയെക്കുറിച്ചും ശിൽപശാലയില്‍ വിശദീകരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതലയുള്ള ഡോ.ആര്‍. സന്ധ്യ അധ്യക്ഷതവഹിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫിസര്‍ ഡോ. ഹരികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജെ. മണികണ്ഠൻ, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി, പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷ, ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. അശോകന്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.