കൃഷി നശിച്ചവർക്ക് നഷ​്​ടപരിഹാരം നൽകണം

കുന്നിക്കോട്: പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തം. ഒരാഴ്ചയിലേറെ കിഴക്കന്‍മേഖലയിലെ മിക്ക കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്. കൃഷിഭവനുകളിലെത്തി കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അധികൃതര്‍ നാശത്തി​െൻറ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വ്യാപകമായി കൃഷി നശിച്ചതിനാല്‍ നഷ്ടപരിഹാരത്തുക കൂട്ടണമെന്ന ആവശ്യവും ശക്തമാണ്. മുടക്കിയ തുകയുടെ നാലിലൊന്നുപോലും നഷ്ടപരിഹാരമായി ലഭിക്കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പട്ടാഴി പഞ്ചായത്തിലെ പന്തപ്ലാവ്, പൂക്കുന്നില്‍, വിരുത്തി, ഏറത്തുവടക്ക്,പട്ടാഴി വടക്കേക്കര വില്ലേജിലെ വെള്ളൂര്‍, കുറ്റിക്കോട്, ചെളിക്കുഴി, മെതുകുമ്മേല്‍, പിറവന്തൂര്‍ വില്ലേജിലെ എലിക്കാട്ടൂര്‍, കമുകുംചേരി, കറവൂര്‍, മഹാദേവര്‍മണ്‍ ഭാഗങ്ങളിലും തലവൂര്‍ വില്ലേജിലെ വിളക്കുടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും കൃഷിനശിച്ചിട്ടുണ്ട്. സർക്കാർ നേരത്തേ തയാറാക്കിയ നാശനനഷ്ടം സംഭവിച്ചവരുടെ പട്ടികയിൽ ഇവയൊന്നുമില്ല. വിള ഇന്‍ഷുറന്‍സ് ഇല്ലാത്ത ചെറുകിട കര്‍ഷകരാണ് ഏറെ വലയുന്നത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയതെല്ലാം പ്രളയംകൊണ്ടുപോയതോടെ കടംവാങ്ങിയും പാട്ടത്തിനെടുത്തും കൃഷി ചെയ്തവരും ഏറെ പ്രതിസന്ധിയിലാണ്. മിക്ക ഏലകളിലും പ്ലാസ്റ്റിക് മാലിന്യവും മണ്‍കൂനയും നിറഞ്ഞനിലയിലാണ്. പത്തനാപുരം പഞ്ചായത്തിലെ പാതിരിയ്ക്കല്‍, മഞ്ചള്ളൂര്‍ ഏലകളില്‍ ലക്ഷങ്ങളുടെ കാര്‍ഷികവിളകളാണ് നശിച്ചത്. തൂക്കുപാലം സന്ദർശിച്ചു പത്തനാപുരം: പ്രളയത്തില്‍ തകര്‍ന്ന പത്തനാപുരം പിടവൂർ തെരിയൻതോപ്പ് തൂക്കൂപാലം കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ എൻജിനീയർമാർ സന്ദര്‍ശിച്ചു. കല്ലടയാർ കരകവിഞ്ഞൊഴുകിയപ്പോൾ പാലത്തി​െൻറ അലൈന്‍മ​െൻറുകള്‍ തകരുകയും തൂണുകളില്‍നിന്ന് തെന്നിമാറുകയും ചെയ്തിരുന്നു. നടപ്പാത അകന്നുമാറിയനിലയിലാണ്. ഇരുകരകളിലെയും തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിനു മുകളിലൂടെ ജലം ഒഴുകിയതിനാല്‍ മാലിന്യവും തങ്ങിനിൽക്കുന്നുണ്ട്. കല്ലടയാറ്റിലൂടെ ഒഴുകി വന്ന വൻ വൃക്ഷങ്ങൾ തട്ടിയാണ് പാലത്തിന് കേടുപാട് ഉണ്ടായതെന്നാണ് നിഗമനം. അടിയന്തരമായി പാലം ഗതാഗത സജ്ജമാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു. പത്തനാപുരം തഹസില്‍ദാര്‍ കെ.ആര്‍. മിനി, പൊതുമരാമത്ത് അസി.എൻജിനീയര്‍ ഭാമ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്തനാപുരം താലൂക്കിലെ പിറവന്തൂർ, തലവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നാലുവർഷം മുമ്പാണ് 85 ലക്ഷം രൂപ െചലവഴിച്ച് പാലം നിർമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.