തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിന് കെ.പി.എം.ജി എന്ന ബഹുരാഷ്ട്ര കമ്പനിയെ കൺസൾട്ടൻസിയായി തെരഞ്ഞെടുത്തത് വിവാദത്തിൽ. ക്രമക്കേടുകളെ തുടർന്ന് വിവിധ രാജ്യങ്ങളിൽ അന്വേഷണം നേരിടുകയോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ചെയ്ത കമ്പനിയാണിതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലും കമ്പനിക്കെതിരെ പരാതി ഉയർന്നിരുന്നു. വൻകിട പദ്ധതികൾക്കുവേണ്ടി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് െഎ.എസ്.എസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്കയച്ച കത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കൺസൾട്ടൻസിക്ക് കമ്പനിയെ തെരഞ്ഞെടുക്കുന്നതിന് സംസ്ഥാന സർക്കാർ ടെൻഡർ ക്ഷണിക്കുകയോ ചുരുക്കപ്പട്ടിക തയാറാക്കുകേയാ ചെയ്തിരുന്നില്ല. ഇതൊന്നുമില്ലാതെ സൗജന്യ സേവനം വാഗ്ദാനം ചെയ്ത് കെ.പി.എം.ജി എത്തിയ വഴി തേടുകയാണ് ഭരണമുന്നണിയിലെ കക്ഷികളും. കമ്പനിയെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡവും വ്യക്തമാക്കിയിട്ടില്ല. പുനർനിർമാണത്തിന് പരിഗണിക്കുന്ന വിഷയങ്ങൾ, പദ്ധതികൾ എന്നിവ സംബന്ധിച്ച് വിഗദ്ധരുമായി ചർച്ചയും കൂടിയാലോചനയും നടത്തുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൺസൾട്ടൻസിയെ നിയമിക്കുന്നത്. ബ്രിട്ടനിൽ സാമ്പത്തിക ക്രമക്കേടിെൻറ പേരിൽ അന്വേഷണം നേരിട്ട കമ്പനിയാണ് കെ.പി.എം.ജിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് കമ്പനിയുടെ ഓഡിറ്റിങ് നിർവഹിച്ച കമ്പനി, ഗുരുതര സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്ന് സർക്കാറിന് നഷ്ടമുണ്ടാക്കിയെന്ന് സാമ്പത്തികകാര്യ റെഗുലേറ്ററി കമീഷൻ കണ്ടെത്തിയിട്ടുണ്ടത്രെ. ദക്ഷിണാഫ്രിക്കൻ സർക്കാർ കെ.പി.എം.ജിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കിയത് കഴിഞ്ഞ ഏപ്രിലിലാണ്. ഇന്ത്യൻ വംശജനും ദക്ഷിണാഫ്രിക്കയിലെ ആദ്യ അഞ്ച് ധനികരിൽ ഒരാളുമായ അതുൽ ഗുപ്തയുമായി ചേർന്ന് സാമ്പത്തിക തിരിമറി നടത്തിയതിനാണ് കരാറുകൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.