* തീരുമാനം വൈകിയാൽ തുക മറ്റ് സംസ്ഥാനങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിഹിതം നൽകുന്നത് സംബന്ധിച്ച് സെപ്റ്റംബർ പത്തിനകം തീരുമാനം അറിയിച്ചില്ലെങ്കിൽ റുസ പദ്ധതിയിൽ കേരളത്തിലെ 106 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രഫണ്ട് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് മാനവശേഷി മന്ത്രാലയത്തിെൻറ മുന്നറിയിപ്പ്. കേന്ദ്രസർക്കാറിെൻറ ഉന്നതവിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാനിൽ (റുസ) കേരളത്തിലെ രണ്ട് സർവകലാശാലകൾക്കും 104 കോളജുകൾക്കുമാണ് കഴിഞ്ഞ ജൂണിൽ ഫണ്ട് അനുവദിച്ചത്. മൊത്തം 323 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചത്. ഇതിൽ 60 ശതമാനം തുകയാണ് കേന്ദ്രം നൽകിയത്. 40 ശതമാനം തുക സംസ്ഥാനം കൂട്ടിച്ചേർക്കണം. കേന്ദ്രവിഹിതം അനുവദിച്ചിട്ടും സംസ്ഥാനവിഹിതം വകയിരുത്താത്ത സാഹചര്യത്തിലാണ് മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള റുസ മിഷൻ ഡയറക്ടറേറ്റ് കേരളത്തിന് മുന്നറിയിപ്പ് നൽകിയത്. എട്ട് സർക്കാർ കോളജുകൾ ഉൾപ്പെടെ 99 ആർട്സ് ആൻഡ് സയൻസ് കോളജുകൾക്ക് അടിസ്ഥാനസൗകര്യവികസനത്തിന് രണ്ട് കോടി വീതവും അഞ്ച് സ്വയംഭരണ കോളജുകൾക്ക് ഗുണ നിലവാരം ഉയർത്തുന്നതിന് അഞ്ച് കോടി വീതവും കുസാറ്റ്, എം.ജി സർവകലാശാലകൾക്ക് ഗവേഷണമികവിന് 50 കോടി രൂപ വീതവുമാണ് അനുവദിച്ചത്. ഇതിൽ 99 കോളജുകൾക്കുള്ള ആദ്യഗഡുവായ ഒരു കോടിയിൽ കേന്ദ്രവിഹിതമായ 60 കോടി വീതം ഇതിനകം സംസ്ഥാന സർക്കാറിന് കൈമാറിയിട്ടുണ്ട്. 59.4 കോടിയാണ് ട്രഷറിയിൽ എത്തിയത്. ഇതിലേക്ക് 39.6 കോടി രൂപയാണ് സംസ്ഥാനവിഹിതമായി ചേർക്കേണ്ടത്. എന്നാൽ, എട്ട് സർക്കാർ കോളജുകൾക്ക് പുറമെയുള്ള 91 എയ്ഡഡ് കോളജുകൾക്ക് സംസ്ഥാനവിഹിതം അനുവദിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ബന്ധപ്പെട്ട ഫയൽ രണ്ട് മാസം മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെത്തിയെങ്കിലും നടപടിയായിട്ടില്ല. എയ്ഡഡ് കോളജുകൾക്കുള്ള സംസ്ഥാനവിഹിതത്തിൽ 50 ശതമാനം ബന്ധപ്പെട്ട മാനേജ്മെൻറുകൾ വഹിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇതിന് പുറമെയാണ് അഞ്ച് സ്വയംഭരണ കോളജുകൾക്കുള്ള സംസ്ഥാനവിഹിതം. ഇതിൽ 60 ശതമാനം എയ്ഡഡ് മാനേജ്മെൻറുകൾ വഹിക്കണമെന്നായിരുന്നു നിർദേശം. ഇതിലും തീരുമാനമായിട്ടില്ല. രണ്ട് സർവകലാശാലകൾക്കുള്ള സംസ്ഥാനവിഹിതത്തിെൻറ കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനവിഹിതമായി 40 ശതമാനം തുക നൽകാമെന്ന സർക്കാറിെൻറ രേഖാമൂലമുള്ള ഉറപ്പിലാണ് കേന്ദ്രം പദ്ധതിക്കായി 106 സ്ഥാപനങ്ങളെയും പരിഗണിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള റുസ സംസ്ഥാന ഡയറക്ടറേറ്റിന് നാഥനില്ലാത്തതും പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രണ്ട് വർഷമായി ഡയറക്ടറേറ്റിന് സ്ഥിരം കോഒാഡിനേറ്ററില്ല. കോളജ് വിദ്യാഭ്യാസ ഡയറക്ടർ, അസാപ് സി.ഇ.ഒ, കെ.സി.എച്ച്.ആർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിക്കുന്ന ഹരിത വി. കുമാറിനാണ് റുസ കോഒാഡിനേറ്ററുടെ ചുമതല. ജോലിത്തിരക്ക് കാരണം ഇവർക്ക് ഒാഫിസിൽ എത്താനും കഴിയാറില്ല. സ്ഥിരം കോഒാഡിനേറ്ററെ നിയമിക്കാനുള്ള നിർദേശത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തിട്ടില്ല. -കെ. നൗഫൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.