ദുരിതാശ്വാസനിധിയിലെത്തുന്ന പണം വകമാറ്റരുതെന്ന്​ ജ. കെമാൽ പാഷ

യു.എ.ഇയുടെ സഹായവാഗ്ദാനം ദുരന്തബാധിതരുടെ അവകാശം തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തുന്ന പണം പ്രളയദുരിതാശ്വാസത്തിന് മാത്രമായി ഉപയോഗിക്കണമെന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ചട്ടാമ്പി സ്വാമി ജയന്തി പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളിലെ സ്ഥിതി ദയനീയമാണ്. നിസ്സഹായതയും ഭയവും ആശങ്കയുമാണ് എങ്ങും. ഒരാൾക്കും അർഹമായ ആശ്വാസം കിട്ടാതെ പോവരുത്. പ്രളയസഹായം സ്വരൂപിക്കാൻ പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സർക്കാർ വാദം. നികുതിയിളവിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വീകരിച്ചാലും തുക വേറെ പെട്ടിയിലിടണം. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയ​െൻറ ചികിത്സക്ക് അഞ്ചുലക്ഷം, രണ്ട് മക്കളുടെ പഠനത്തിന് 20 ലക്ഷം അടക്കം 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച ഉത്തരവ് കെമാൽ പാഷ വായിച്ചു. ഹൈകോടതിയിലെ ഒരു ജഡ്ജി തനിക്ക് അയച്ചുതന്നതാണിത്. പ്രളയബാധിതർക്ക് കിട്ടിയ സഹായം അവർക്കുതന്നെ നൽകണം. ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ചിട്ടാണോ നിയമസഭയിൽ മഹാന്മാർ അഭിപ്രായം പറയുന്നതെന്ന് അറിയില്ല. ക്രിയാത്മക വിമർശനം ഉൾക്കൊള്ളാൻ നേതാക്കൾക്ക് മനസ്സുണ്ടാവണം. മലയാളികളെ നാണംകെട്ടവരെന്ന് അധിക്ഷേപിച്ച ചാനൽ അവതാരകനോട് പ്രതികരിക്കേണ്ട സമയം കഴി‌ഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരതുകയായ 11,111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ അദ്ദേഹം മന്ത്രി കടകംപള്ളിയെ ഏൽപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ പ്രളയദുരിതാശ്വാസത്തിന് മാത്രമായി വിനിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉഴവൂർ വിജയ​െൻറ കുടുംബത്തിന് നൽകിയ സഹായം കഴിഞ്ഞവർഷം ഇറക്കിയ ഉത്തരവിലൂടെയാണെന്നും മന്ത്രി പറഞ്ഞു. ജയന്തി സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും മന്ത്രി നിർവഹിച്ചു. സമിതി പ്രസിഡൻറ് എസ്.ആർ. കൃഷ്‌ണകുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചട്ടമ്പി സ്വാമി ജയന്തി പ്രഭാഷണം നടത്തി. ഡോ. ജോർജ് ഓണക്കൂർ, മലയിൻകീഴ് ഗോപാലകൃഷ്‌ണൻ, തളിയിൽ രാജശേഖരൻ പിള്ള, ഗീത.ആർ നായർ എന്നിവരെ മന്ത്രി ആദരിച്ചു. മുൻ മേയർ കെ. ചന്ദ്രിക, എം.എസ്. ഭുവനചന്ദ്രൻ, കരമന ജയൻ, ഷീലകുട്ടി എന്നിവർ സംസാരിച്ചു. മണക്കാട് രാമചന്ദ്രൻ സ്വാഗതവും എസ്. വിജയകുമാർ നന്ദിയും പറഞ്ഞു.  യു.എ.ഇ സഹായം സ്വീകരിക്കാത്ത കേന്ദ്രത്തെ കഥയിലൂടെ വിമർശിച്ച് കെമാൽ പാഷ തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് യു.എ.ഇ സർക്കാറി​െൻറ ധനസഹായ വാഗ്ദാനം സ്വീകരിക്കാത്ത കേന്ദ്രസർക്കാറിനെ കഥയിലൂടെ വിമർശിച്ച് ഹൈകോടതി മുൻ ജഡ്ജി കെമാൽ പാഷ. വെള്ളപ്പൊക്കത്തിൽ കുടിൽ നശിച്ച കോരന് അത് നന്നാക്കാൻ 200 രൂപ വേണം. കുടിയാനായ കോരന് ജന്മി നൽകിയത് ഒരു രൂപ. അയൽപക്കത്തെ മമ്മദ് 50 രൂപ നൽകിയെന്ന് കോരൻ പറഞ്ഞപ്പോൾ, കോരൻ പട്ടിണികിടന്ന് മരിച്ചാലും ആ സഹായം വാങ്ങാൻ താൻ അനുവദിക്കില്ലെന്നായി ജന്മി. യു.എ.ഇയുടെ സഹായവാഗ്ദാനം ദുരന്തബാധിതരുടെ അവകാശമാണ്. മലയാളികൾ ചോരനീരാക്കി ദുബൈ പണിതുയർത്തിയതി​െൻറ പ്രതിഫലമാണിത്. സഹായം വാങ്ങാൻ കേന്ദ്രം അനുവദിക്കണം. കേന്ദ്രം സംസ്ഥാനത്തോട് കാട്ടുന്നത് രാഷ്ട്രീയവ്യത്യാസം മാത്രമാണ്. ക്യാമ്പുകളിൽ കഷ്ടപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ലെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.