അനധികൃത റീഫില്ലിങ് കേന്ദ്രങ്ങളിൽ പരിശോധന​51 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

വിഴിഞ്ഞം: അനധികൃത റീഫില്ലിങ് കേന്ദ്രങ്ങളിൽ സംഭരിച്ച 51 ഗ്യാസ് സിലിണ്ടറുകൾ ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പിടികൂടി. ഹാർബർ റോഡിലുള്ള സജോഷ്, താഹാ എന്നിവരുടെ കച്ചവട സ്ഥാപനങ്ങളിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്. ഭാരത് പെട്രോളിയം കമ്പനിയുടെ 14 നിറ സിലിണ്ടറുകൾ, 13 കാലി സിലിണ്ടറുകൾ, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ 15 നിറ സിലിണ്ടറുകൾ, മൂന്ന് കാലി സിലിണ്ടർ ഇന്ത്യൻ കമ്പനിയുടെ ആറ് കാലി സിലിണ്ടറുകൾ എന്നിവയും ഗ്യാസ് റീഫില്ലിങ്ങിന് ഉപയോഗിക്കുന്ന ട്യൂബുകൾ, റെഗുലേറ്ററുകൾ എന്നിവയുമാണ് പിടികൂടിയത്. ഗാർഹിക ഉപയോഗത്തിനായി സർക്കാർ സബ്സിഡിയോടു കൂടി നൽകുന്ന സിലിണ്ടറുകൾ ഏജൻസി ജീവനക്കാരുടെ ഒത്താശയോടു കൂടി ശേഖരിക്കുകയായിരുന്നു. കലക്ടർക്ക് റിപ്പോർട്ട് നൽകിയശേഷം സർക്കാറിലേക്ക് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകളും കർശന നടപടികളും തുടരുമെന്നും അനധികൃതമായി എ.എ.വൈ, മുൻഗണനാ കാർഡുകൾ കൈവശം വെക്കുന്നവരെ കണ്ടെത്തി കാർഡുകൾ പിടിച്ചെടുക്കുന്നതിനുള്ള പരിശോധനകളും തുടരുമെന്നും സപ്ലൈ ഓഫിസർ ജലജ ജി.എസ്. റാണി അറിയിച്ചു. പരിശോധനയിൽ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫിസർ വി.എം. ജയ്കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ മാഹീൻ അബൂബക്കർ, സുജ, ബിന്ദു കെ.എ, ജലജകുമാരി, ബിന്ദു എസ്. എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.