പി.എച്ച്. കുര്യ​െൻറ ഉത്തരവിനെതിരെ റവന്യൂ വകുപ്പിന് നിയമോപദേശം

*നിലവിലെ ഉത്തരവ് വൻക്രമക്കേടുകൾക്ക് വഴിതുറക്കും തിരുവനന്തപുരം: മൂന്നാറിൽ കെട്ടിടനിർമാണത്തിന് എൻ.ഒ.സി നൽകാനുള്ള അധികാരം കലക്ടറിൽനിന്ന് വില്ലേജ് ഓഫിസർക്ക് നൽകിക്കൊണ്ടുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യ​െൻറ ഉത്തരവിനെതിരേ റവന്യൂ വകുപ്പിന് നിയമോപദേശം. ഉത്തരവ് നടപ്പാക്കിയാൽ എൻ.ഒ.സിയുടെ മറവിൽ വൻ ക്രമക്കേട് നടക്കുമെന്ന് അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാൻ റവന്യൂ മന്ത്രിക്ക് നിയമോപദേശം നൽകി. മൂന്നാറിലെ കൈയേറ്റങ്ങളും അനധികൃത കെട്ടിടനിർമാണങ്ങളും സംബന്ധിച്ച കേസിൽ ഹൈകോടതിയാണ് കെട്ടിട നിർമാണങ്ങൾക്ക് ജില്ലാ കലക്ടറുടെ എൻ.ഒ.സി നിർബന്ധമാക്കാൻ നിർദേശം നൽകിയിരുന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ നിരവധി അനധികൃത നിർമാണങ്ങൾ മൂന്നാറിലും പരിസരങ്ങളിലും റവന്യൂ വകുപ്പ് തടയുകയും ചെയ്തു. എന്നാൽ, ഈ മാസം 26നാണ് മൂന്നാർ മേഖലയിലെ ചിന്നക്കനാൽ, കണ്ണൻ ദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി എന്നീ വില്ലേജുകളിലെ കെട്ടിടനിർമാണണങ്ങൾക്കുള്ള എൻ.ഒ.സി അധികാരം വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. വില്ലേജ് ഓഫിസർമാർക്ക് എൻ.ഒ.സി അധികാരം നൽകുന്നതിനൊപ്പം ഉണ്ടാകേണ്ട മാർഗനിർദേശങ്ങളെ കുറിച്ച് റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തതയില്ല. ഇങ്ങനെയുള്ള എൻ.ഒ.സി അധികാരം വില്ലേജ് ഓഫിസർമാർക്ക് നൽകിയാൽ അത് ക്രമക്കേടുകൾക്ക് വഴിവെക്കും. കെട്ടിടങ്ങൾ പണിയാനുള്ള ഭൂമി വ്യാജ പട്ടയമല്ലെന്ന് വില്ലേജ് ഓഫിസർ ഉറപ്പു വരുത്തണമെന്നതടക്കം ഒമ്പത് മാർഗനിർദേശങ്ങളും നിയമോപദേശത്തിലുണ്ട്. കെട്ടിടം പണിയാനുള്ള ഭൂമി വ്യാജ പട്ടയമല്ലെന്ന് വില്ലേജ് ഓഫിസർ തന്നെ രേഖകൾ പരിശോധിച്ച് തിട്ടപ്പെടുത്തണം. എൻ.ഒ.സി നൽകുംമുമ്പ് ഫയലുകൾ തഹസിൽദാർ ആർ.ഡി.ഒ, കലക്ടർ എന്നിവർക്ക് നൽകണം, പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയാൽ അത് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണം, ക്രമക്കേടുകൾ നടന്നാൽ വില്ലേജ് ഓഫിസർ വ്യക്തിപരമായി ഉത്തരവാദി ആയിരിക്കണം തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതുവരെ വില്ലേജ് ഓഫിസർമാർ എൻ.ഒ.സി നൽകരുതെന്ന് നിർദേശം നൽകണമെന്നും നിയമോപദേശത്തിൽ പറയുന്നു. കലക്ടർക്കുള്ള എൻ.ഒ.സി അധികാരം വില്ലേജ് ഓഫിസർക്ക് കൈമാറിയത് മൂന്നാറിലെ കൈയേറ്റക്കാരെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് നിയമോപദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.