കഴക്കൂട്ടം: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ മേന്മ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്ന ഗവേഷണസ്ഥാപനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യരംഗത്ത് മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ലോകനിലവാരത്തിലേക്ക് ഉയരാനാകണം. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില രോഗങ്ങള്‍ വരുമ്പോള്‍ തുടര്‍നിഗമനങ്ങളിലെത്താന്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇടക്കിടെയുള്ള വൈറസ് രോഗങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും എങ്ങനെ നേരിടണമെന്നതും ഇത്തരം ഗവേഷണ സ്ഥാപനങ്ങള്‍ ആവശ്യമാണ്. അത്യാധുനികവും അതിശാസ്ത്രീയവുമായ ഗവേഷണ സംവിധാനങ്ങള്‍ ഇനിയും നാട്ടില്‍ വളര്‍ന്നുവരണം. നിഷ്‌കാസനം ചെയ്‌തെന്ന് കരുതിയ പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുന്നതും കേള്‍ക്കാത്ത രോഗങ്ങളും ജീവിതശൈലീരോഗങ്ങളും നല്ലരീതിയില്‍ കൈകാര്യം ചെയ്യാനാകണം. ഈവര്‍ഷം അവസാനത്തോടെ സ്ഥാപനം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അധ്യക്ഷതവഹിച്ചു. ലൈഫ് സയന്‍സ് പാര്‍ക്കില്‍ പുത്തന്‍ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിെൻറ വികസനത്തിന് കൂടുതല്‍ സ്ഥലം ആവശ്യമെങ്കില്‍ കെ.എസ്.ഐ.ഡി.സി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ലൈഫ് സയന്‍സ് പാര്‍ക്കിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മന്ത്രി കെ.കെ. ശൈലജ, ഡോ.എ. സമ്പത്ത് എം.പി, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് ഡോ.എം.സി. ദത്തന്‍, കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗം, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സുമ എന്നിവർ പെങ്കടുത്തു. ലക്ഷ്യം ലോക നിലവാരം ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണകേന്ദ്രമാണ് തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ നിർമാണം ആരംഭിക്കുന്നത്. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും പുതുതായി കണ്ടെത്തുന്ന നിപ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ആദ്യഘട്ടത്തിനുള്ള 25,000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം പ്രീ-ഫാബ് രീതിയില്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളായിട്ടുണ്ട്. കൂടാതെ, അതിവിശാലവും അന്താരാഷ്ട്ര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 സ്‌ക്വയര്‍ഫീറ്റ് പ്രധാന സമുച്ചയത്തിെൻറ നിര്‍മാണചുമതല കെ.എസ്.ഐ.ഡി.സി മുഖേന എല്‍.എല്‍.എല്‍ ലൈറ്റ്‌സിന് ഏൽപിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ചുമതലകള്‍. വിവിധ അക്കാദമിക പദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.