ജില്ലയുടെ വികസനം: നിർദേശങ്ങൾ കേട്ടും തീരുമാനങ്ങളറിയിച്ചും മുഖ്യമന്ത്രി

കൊല്ലം: ജില്ലയുടെ ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരം നിര്‍ദേശിച്ച് മുഖ്യമന്ത്രി. റോട്ടറി ഹാളിലാണ് സമൂഹത്തി​െൻറ വിവിധ തുറകളിലുള്ളവരുമായി മന്ത്രിസഭയുടെ രണ്ടാംവാര്‍ഷിക ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയവിനിമയം നടത്തിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാറ്റ്പാക് പോലെയുള്ള വിദഗ്ധ ഏജന്‍സികളുടെ പഠനം എന്ന ഉറപ്പാണ് മുഖ്യമന്ത്രി ആദ്യം നല്‍കിയത്. കുണ്ടറ കേന്ദ്രീകരിച്ച് വ്യവസായ അഭിവൃദ്ധിക്കായി ഇവിടെയുള്ള വ്യവസായശാലകളുടെ ഭൂമി ഉപയോഗയോഗ്യമാക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികത അടിസ്ഥാനമാക്കി പരിശോധിക്കും. ഇക്കാര്യത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖത്തി​െൻറ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നടപടി എടുത്തുവരികയാണ്. ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകളുടെ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നുമുണ്ട്. കടലാക്രമണം നിയന്ത്രിക്കുന്നതിന് കടല്‍ഭിത്തികള്‍ ആവശ്യാനുസരണം നിര്‍മിക്കും. അഷ്ടമുടി, മൺറോതുരുത്ത്, വേമ്പനാട് എന്നിവയുടെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കുന്നതിന് കേന്ദ്രത്തിന് സമർപ്പിച്ച പദ്ധതിക്ക് ഭാഗികഅനുമതി കിട്ടിയ സാഹചര്യത്തില്‍ ആദ്യഘട്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. കായികവികസനം ലക്ഷ്യമാക്കി ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയം പുനരുദ്ധാരണം തുടങ്ങിയവക്കായി നിശ്ചിതപദ്ധതി കായികവകുപ്പ് തയാറാക്കിയിട്ടുണ്ട്. കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫാക്ടറികള്‍ തുറക്കുകയും ആഫ്രിക്കന്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യുകയുമാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നത് പോലെയുളള നടപടികള്‍ തീരുമാനിക്കുന്നതിന് വ്യവസായികള്‍, ബാങ്ക് പ്രതിനിധികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ യോഗം ജൂണ്‍ ഒമ്പതിന് കൊല്ലത്ത് ചേരും. വൈദ്യുതി ഉൽപാദനരംഗത്ത് സൗരോര്‍ജത്തി​െൻറ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും. നിര്‍മാണമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിയമാനുസൃതം പ്രവര്‍ത്തിക്കാവുന്ന പരമാവധി പാറക്വാറികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളില്‍ അടിഞ്ഞിട്ടുള്ള മണല്‍ എടുക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോളിഫോം ബാക്ടീരിയ സാന്നിധ്യത്താല്‍ കിണറുകള്‍ മലിനമാകുന്നത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ആദ്യഘട്ടമെന്ന നിലയ്ക്ക് സ്വീവേജ് ട്രീറ്റ്‌മ​െൻറ് പ്ലാൻറുകള്‍ നഗരപ്രദേശങ്ങളിലും ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുെമന്നും അദ്ദേഹം അറിയിച്ചു. ചെറുകിട വ്യവസായ അസോസിയേഷന്‍ നേതാവ് കെ.പി. രാമചന്ദ്രന്‍ നായര്‍, ടി.കെ.എം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പി.ഒ. ജെ. ലബ്ബ, ക്യു.എസ്.എസ് മുന്‍ ഡയറക്ടര്‍ ഫാ. റൊമാന്‍സ് ആൻറണി, ഐമാള്‍ എം.ഡി അബ്ദുല്‍ റഹിം, പി. രാമഭദ്രന്‍, വലിയത്ത് ഇബ്രാഹിംകുട്ടി, കാഷ്യു എക്‌സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍.കെ. ഭൂദേഷ്, ഡോ. ക്രിസ്റ്റി, ടി. കെ.എം കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയൂബ് എന്നിവർ വിവിധ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ആര്‍. രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.