വരകളിൽ വിസ്​മയം വിരിയിച്ച്​ 'പുതുപുലരി'

തിരുവനന്തപുരം: വരകളുടെ വിസ്മയങ്ങളിലൂടെ അക്ഷരങ്ങളില്ലാത്ത കവിതകളായി ആസ്വാദകരുടെ മനസ്സ് കീഴടക്കുകയാണ് മ്യൂസിയം ആർട്ട് ഗാലറിയിൽ നടക്കുന്ന 'പുതുപുലരി' ചിത്രപ്രദർശനം. അഞ്ച് മുതൽ 74 വയസ്സ് വരെ പ്രായമുള്ള ഇരുനൂറോളം കലാകാരന്മാരിലൂടെ വ്യത്യസ്ത തലമുറകളുടെ ഭാവനകളാണ് മുന്നൂറോളം കാൻവാസുകളിലൂടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്രയേറെ കലാകാരന്മാർ പങ്കെടുക്കുന്ന ചിത്രപ്രദർശനം നടക്കുന്നത്. ചിരിയും നോവും നിറഞ്ഞ ജീവിതത്തി​െൻറ ഭാവങ്ങളും വികാരങ്ങളും അടയാളപ്പെടുത്തുന്ന അക്രിലിക്കിലും ജലച്ചായത്തിലും എണ്ണച്ചായത്തിലുമുള്ള ചിത്രങ്ങൾ, പുരാണകഥാപാത്രങ്ങളെയും ഇതിഹാസങ്ങളെയും പ്രമേയമാക്കിയുള്ള മ്യൂറൽ ചിത്രങ്ങൾ, നഗരത്തി​െൻറയും പട്ടണത്തി​െൻറയും മാറുന്ന മുഖങ്ങൾ, പ്രകൃതിയും ഋതുക്കളുടെ സഞ്ചാരവും തുടങ്ങി വൈവിധ്യങ്ങളായ പ്രമേയങ്ങളാണ് ഓരോ ചിത്രവും മുന്നോട്ടുവെക്കുന്നത്. ഭാഷയുടെയും സംസ്കാരത്തി​െൻറയും അതിർവരമ്പുകൾ ഭേദിച്ച് സർഗാത്മക പ്രതിരോധം തീർക്കുന്ന ചിത്രങ്ങളും ഇതിലുണ്ട്. കാഴ്ചക്കാരനെ ചിന്തിപ്പിക്കുന്ന തരത്തിലാണ് വിശപ്പി​െൻറ തീക്ഷ്ണതയും അനാഥ ബാല്യങ്ങളുമൊക്കെ കൗമാരക്കാർ വരച്ചിട്ടിരിക്കുന്നത്. ചാർളി ചാപ്ലിനുൾപ്പെടെ വ്യത്യസ്ത ദേശങ്ങളെയും പൈതൃകത്തെയും കുറിക്കുന്ന ചിത്രങ്ങൾ ഈ വിഭാഗത്തിലുണ്ട്. കലയുടെ സാമൂഹിക തലങ്ങളെ സന്ദർശക​െൻറ കണ്ണിലേക്ക് തുറിച്ചുനോക്കി ഓർമപ്പെടുത്തുന്ന പത്തോളം സ്ത്രീകളുടെ മുഖചിത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. കുഞ്ഞുഭാവനകളിൽ വിരിയുന്ന പൂക്കളും പക്ഷി മൃഗങ്ങളുമൊക്കെ ഒരുമിച്ചുചേർത്ത് കുട്ടികളുടെ പ്രദർശനം പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇതിൽ കൂടുതലും പേനയും പെൻസിലും ജലച്ചായവും സ്കെച്ചും ഉപയോഗിച്ചുള്ള ചിത്രങ്ങളാണ്. ഈ കലാകാരന്മാരുടെ തന്നെ ശിൽപങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പ്രദർശനവും ഉണ്ട്. എല്ലാ പ്രായത്തിലുള്ളവരും പങ്കെടുക്കാനും കാണാനുമായി എത്തുന്നുണ്ട്. വിൽപനക്കായി വെച്ചിട്ടുള്ള ചിത്രങ്ങളിലൂടെ ലഭിക്കുന്ന പണം അർബുദബാധിതരുടെ ചികിത്സക്കായി ഉപയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.