ഫോണ്‍ വിളി ദൂരത്തില്‍ നോമ്പ്തുറ വിഭവങ്ങള്‍

വള്ളക്കടവ്: മനുഷ്യര്‍ക്ക് തിരക്കേറിയപ്പോള്‍ ഫോണ്‍വിളിയുടെ ദൂരത്തിലാണിപ്പോള്‍ നോമ്പുതുറ വിഭവങ്ങള്‍. ആവശ്യമെങ്കില്‍ അത്താഴവും വീട്ടിലെത്തും. നോമ്പ്തുറക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ ഉച്ചക്ക് ശേഷം അടുക്കളകള്‍ സജീവമായിരുന്ന കാലം പലവീടുകളിലും ഇന്ന് ഓര്‍മയാവുകയാണ്. ഇന്നിപ്പോള്‍ വനിതകള്‍ കൂടി ജോലിക്കാരായതോടെ എല്ലാവര്‍ക്കും തിരക്കായി. ഇതോടെയാണ് നോമ്പ്തുറ വിഭങ്ങളുടെ സ്പെഷല്‍ പാക്കേജുകളുമായി ഹോട്ടുലുകളും അവശ്യമായ വിഭവങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ കാറ്ററിങ് യൂനിറ്റുകളും സജീവമായത്. വിഭവങ്ങളുടെ കാര്യത്തിലും മാറ്റംവന്നു. തലസ്ഥാന ജില്ലയുടെ പരമ്പരാഗത ഭക്ഷണവിഭവങ്ങളുടെ സ്ഥാനത്ത് മലബാർ വിഭവങ്ങളാണ് എറെയും. ഇതിന് പുറമേ മുന്‍തലമുറകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അറേബ്യന്‍ വിഭവങ്ങളും. അരിപ്പത്തിരി, ഒറട്ടി, ഇടിയപ്പം, അപ്പം, സമോസ, ഇലയട, നോമ്പ്കഞ്ഞി തുടങ്ങിയവയായിരുന്നു തെക്കൻ കേരളത്തി​െൻറ വിഭവങ്ങള്‍. ഇന്നിപ്പോള്‍ ഉന്നക്കായ, കിളിക്കൂട്, കോഴിയട, പഴംനിറച്ചത്, മുട്ടമസാല, മുട്ടസുര്‍ക്ക, ഇറച്ചിപ്പത്തിരി തുടങ്ങി ജില്ലയില്‍ കേട്ടുകേൾവി പോലും ഇല്ലാത്ത വിഭങ്ങള്‍ ഒരു ഫോണ്‍കോളില്‍ വീട്ടുമുറ്റത്ത് എത്തുന്നു. കൂടാതെ നഗരത്തിലെ പല ഹോട്ടലുകളും മത്സരബുദ്ധിയോടെ ഇഫ്താര്‍ പാക്കേജുകള്‍ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ മിക്ക തുണിക്കടകളിലും വിഭവസമൃദമായ വിഭങ്ങള്‍ ഒരുക്കിയാണ് നോമ്പ്കാരെ സ്വീകരിക്കുന്നത്. ഇതുകാരണം നോമ്പ്തുറക്കലും പര്‍ച്ചേസിങ്ങും ഒന്നിച്ച് നടത്താമെന്ന ലക്ഷ്യത്തോടെ എത്തുന്നവരും ധാരളമാണ്. മലബാര്‍ മേഖലകളില്‍നിന്ന് സംഘങ്ങളായി എത്തി നഗരത്തില്‍ വീടുകള്‍ വാടകക്ക് എടുത്ത് കുടില്‍ വ്യവസായം പോലെ മലബാർ വിഭങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. നോമ്പ്തുറക്ക് പള്ളികളിലും മാറ്റം പ്രകടമാണ്. പണ്ട്കാലത്ത് കാരക്കയും പച്ചവെള്ളവും മണ്‍ചട്ടിയിലെ നോമ്പുകഞ്ഞിയുമായിരുന്നു വിഭവങ്ങളെങ്കില്‍ ഇന്ന് വിദേശ പഴവര്‍ഗങ്ങള്‍ മുതല്‍ അറേബ്യൻവിഭവങ്ങള്‍ വരെയാണ് നോമ്പ്തുറക്ക് എത്തുന്നത്. ഇതിന് പുറമേ ഇറച്ചിക്കഞ്ഞിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.