നിപ വൈറസ്​; മുൻകരുതൽ ശക്തമാക്കി

കൊല്ലം: നിപ വൈറസ് ഭീഷണി നേരിടാൻ ജില്ലയിൽ ആരോഗ്യവകുപ്പ് വിപുല സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതിനായി രൂപവത്കരിച്ച ദ്രുതകർമ സേനയുടെ മേൽനോട്ടത്തിലാകും പ്രവർത്തനം. ആശുപത്രികളിൽ ലഭ്യമായ വ​െൻറിലേറ്റർ സൗകര്യം കുറ്റമറ്റതാക്കുക, അണുനശീകരണം ഉറപ്പാക്കുക എന്നിവയാണ് ആദ്യ നടപടി. തുടർന്ന് ചികിത്സാ മാർഗരേഖ കൈമാറും. തൊണ്ടയിലെ സ്രവം പരിശോധിക്കുന്നതിനുള്ള സംവിധാനം പ്രധാന സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കും. പഴവർഗങ്ങൾ കഴിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ബോധവത്കരണത്തിനായി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. മൃഗങ്ങൾ, വവ്വാലുകൾ തുടങ്ങിയവയിലെ രോഗലക്ഷണങ്ങൾ നിരീക്ഷിക്കാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി. വനം വകുപ്പിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾക്ക് പുറമേ, പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലും പനി ക്ലിനിക്കുകൾ ഉറപ്പാക്കുകയും ഐസോലേഷൻ വാർഡുകൾ സജ്ജീകരിക്കുകയും വേണം. വ്യക്തിസുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിനൊപ്പം നഴ്സുമാർക്കും രോഗികളുടെ കൂട്ടിരുപ്പുകാർക്കും ബോധവത്കരണം നടത്താനും തീരുമാനിച്ചു. ഐ.എം.എ മുഖേന സ്വകാര്യമേഖലയിലെ ഡോക്ടർമാർക്കും ബോധവത്കരണം നടത്തും. ജില്ലാ മെഡിക്കൽ ഓഫിസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും പാരിപ്പള്ളി മെഡിക്കൽ കോളജ്, മറ്റ് സ്വകാര്യ മെഡിക്കൽ കോളജുകൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ പ്രതിനിധികളാണ് പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.