കെട്ടിട നിർമാണത്തിന്​ എയർപോർട്ട്​ എൻ.ഒ.സി; റെഡ്​ സോണിൽ ഇനി 11 വാർഡുകൾ മാത്രം

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ 11 വാർഡുകളെ മാത്രം റെഡ്സോണിൽ ഉൾപ്പെടുത്തി വിമാനത്താവള അതോറിറ്റി പുതിയ കളർസോൺ മാപ്പ് പ്രസിദ്ധപ്പെടുത്തി. ഒപ്പം ഏതാനും വാർഡുകളിൽ 20 മീറ്റർവരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് കോർപറേഷന് സ്വന്തംനിലക്ക് പെർമിറ്റ് അനുവദിക്കാനുള്ള അനുമതിയും നൽകി. ഇതോടെ കെട്ടിടനിർമാണം പ്രതിസന്ധിയിലായിരുന്ന നൂറുകണക്കിന് തീരവാസികൾക്ക് പുതിയ കളർസോൺ മാപ്പ് ആശ്വാസം നൽകും. ഇതി‍​െൻറ പകർപ്പ് കോർപറേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ തിങ്കളാഴ്ചവരെ സമയം നൽകിയിട്ടുണ്ട്. ആദ്യം തയാറാക്കിയ കളർ സോൺ മാപ്പിൽ 20 വാർഡുകളെ പൂർണമായും അഞ്ചോളം വാർഡുകളെ ഭാഗികമായും റെഡ് സോണിൽപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചതിനാലാണ് പുതിയ മാപ്പ് തയാറാക്കിയത്. ഇവിടങ്ങളിൽ കെട്ടിട നിർമാണത്തിന് ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണം തുടർന്നേക്കും. എന്നാൽ, ഇതിന് തൊട്ടടുത്തുള്ള വാർഡുകളിൽ 20 മീറ്റർ വരെ ഉയരമുള്ള കെട്ടിടം നിർമിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എൻ.ഒ.സി ഹാജരാക്കണമെന്ന് നിബന്ധന വേണ്ടെന്നുെവച്ചു. സുരക്ഷാ കാരണങ്ങളുടെ പേരിൽ വിമാനത്താവള അതോറിറ്റി റെഡ് സോൺ മേഖലയിൽപ്പെടുത്തിയതുകാരണം 20 വാർഡുകളിലെ കെട്ടിട നിർമാണം പൂർണമായി പ്രതിസന്ധിയിലായപ്പോൾ ചീഫ് സെക്രട്ടറി പോൾ ആൻറണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് റെഡ് സോണി​െൻറ വ്യാപ്തി കുറക്കാൻ തീരുമാനിച്ചത്. മുട്ടത്തറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാൽ, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, ശ്രീവരാഹം, ഫോർട്ട്, പെരുന്താന്നി, ചാക്ക, വലിയതുറ, വള്ളക്കടവ്, വെട്ടുകാട്, ശംഖുംമുഖം, വേളി, വഞ്ചിയൂർ എന്നീ വാർഡുകളാണ് പൂർണമായി റെഡ് സോൺ പരിധിയിൽ വരുന്നത്. അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള വിമാനത്താവളത്തിന് 5.5 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വാർഡുകളാണ് ഇവ. പുതിയ മാപ്പിൽ റെഡ് സോണി​െൻറ പരിധി 1.5 കിലോമീറ്റർ ചുറ്റളവായി കുറച്ചു. റെഡ് സോണിൽ ഇളവ് നൽകാനുള്ള തീരുമാനത്തിൽ ശശി തരൂർ എം.പിയുടെ ഇടപെടലാണ് നിർണായകമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് തരൂർ കത്തുനൽകി. തുടർന്ന് കേന്ദ്ര മന്ത്രി അടിയന്തരമായി പരിഹാരം കാണാൻ എയർപോർട്ട് അതോറിറ്റിക്ക് നിർദേശം നൽകി. അപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയി‍ൽ യോഗം ചേർന്ന് തീരുമാനം കൈക്കൊണ്ടത്. റെഡ്സോണി​െൻറ പേരിൽ ചെറിയ ഏകവാസ ഗൃഹങ്ങൾക്കുപോലും അനുമതികിട്ടാതായതോടെ വിഷയം മനുഷ്യാവകാശകമീഷന് മുന്നിലും എത്തിയിരുന്നു. പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാർ നൽകിയ പരാതിയിന്മേൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷൻ തദ്ദേശഭരണ വകുപ്പിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.