പേരിൽ മാത്രം താലൂക്കാശുപത്രി; പ്രവർത്തനം പഴയപടി

പത്തനാപുരം: സാമൂഹികാരോഗ്യകേന്ദ്രം താലൂക്കാശുപത്രിയായി ഉയർത്തിയിട്ടും അടിസ്ഥാനസൗകര്യങ്ങളില്ല. പത്തനാപുരത്ത് താലൂക്കാശുപത്രി വേണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യം അംഗീകരിച്ച അധികൃതര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിട്ടില്ല. മുമ്പ് താലൂക്ക് ആശുപത്രി പുനലൂരായിരുന്നു. പത്തനാപുരം ആസ്ഥാനമായി താലൂക്ക് രൂപവത്കരിച്ചപ്പോള്‍ ഇവിടെ താലൂക്കാശുപത്രി വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയായിരുന്നു. എന്നാൽ, താലൂക്കാശുപത്രി അനുവദിക്കുമെന്ന സാഹചര്യം വന്നതോടെ എവിടെ വേണമെന്ന കാര്യത്തില്‍ എം.എല്‍.എയും സി.പി.എമ്മും രണ്ട് തട്ടിലായതും വിവാദമായി. പിടവൂരില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് നിൽക്കുന്ന സ്ഥലം താലൂക്ക് ആശുപത്രിക്കായി ഉപയോഗപ്പെടുത്തണമെന്ന് എം.എല്‍.എയും നിലവില്‍ സി.എച്ച്.സി നില്‍ക്കുന്ന സ്ഥലം തന്നെ വേണമെന്ന് സി.പി.എമ്മും ശഠിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയതോടെ വിവാദങ്ങളും മുറുകി. ഇതിനിടെ നിലവിലുള്ള സി.എച്ച്.സി തന്നെ താലൂക്കാശുപത്രിയായി ഉയര്‍ത്തുകയായിരുന്നു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഇവിടെ കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കം ചെന്നതാണ്. ആവശ്യത്തിന് കിടക്കയോ വാര്‍ഡുകളോ ഇല്ല. സമീപത്ത് യു.ഐ.ടി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വക കമ്യൂണിറ്റി ഹാള്‍ കൂടി ആശുപത്രിക്കായി ഉപയോഗപ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നുണ്ട്. നിലവില്‍ ഉച്ച വരെയുണ്ടായിരുന്ന ഒ.പി വൈകീട്ട് ആറുവരെയാക്കിയതാണ് ഏക പരിഷ്കരണം. കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.