മുഖച്ഛായ മാറ്റാനൊരുങ്ങി വേളി ടൂറിസ്​റ്റ്​ വില്ലേജ്​

ഊട്ടി മാതൃകയില്‍ വിനോദ തീവണ്ടി സര്‍വിസ് തുടങ്ങും ശംഖുംമുഖം: വേളി ടൂറിസ്റ്റ് വിേല്ലജില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദ തീവണ്ടി സർവിസ് വരും. ഊട്ടി മാതൃകയിലെ മിനി തീവണ്ടിയാണ് വേളിയില്‍ വരുന്നത്. റെയില്‍വേയുടെ സാേങ്കതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടരയടി വീതിയുള്ള റെയില്‍ ട്രാക്കില്‍ മൂന്നരയടി വീതിയും ആറടി ഉയരവും ഉള്ള തീവണ്ടിയാവും ആദ്യം സർവിസ് നടത്തുക. ഡീസല്‍ എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്. ഇരിപ്പിടങ്ങള്‍ക്ക് ഇരുവശവും സുരക്ഷാവേലിയുണ്ടാവും. ഇരുന്നുകൊണ്ട് കായലും കടലും അടുത്ത് കാണാന്‍ കഴിയുന്ന തരത്തിലാണ് ഓരോ ബോഗിയും സജ്ജീകരിക്കുക. നഗരത്തി​െൻറ ഹൃദയ ഭാഗത്ത് കായലും കടലും ഒന്നിക്കുന്ന പ്രകൃതി ഭംഗിയാല്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് വില്ലേജാണ് വേളി. അതിനാലാണ് വേളിയില്‍ തീവണ്ടി സര്‍വിസ് തുടങ്ങാൻ തീരുമാനിച്ചതെന്ന് ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ പറഞ്ഞു. ഭരണാനുമതി ലഭിച്ചാല്‍ എട്ടു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആദ്യമായി വേളിയിലാണ് ഇത്തരമൊരു സംരംഭം വരുന്നത്. വേളിയില്‍നിന്ന് പൊഴിക്കര ഭാഗം വരെ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍വെ ട്രാക്ക് ഉണ്ടാക്കിയാണ് തീവണ്ടി സർവിസ് ആരംഭിക്കുന്നത്. നിലവിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന് സമീപം കായലിന് കുറുകെ പാലവും നിർമിക്കും. ബീച്ച് ഭാഗത്തേക്ക് തീവണ്ടി കടന്നു പോകുന്നതിനാണ് പാലം നിർമിക്കുന്നത്. ശനിയാഴ്ച ടൂറിസം വകുപ്പിലെ ഉന്നതര്‍ വേളിയിലെത്തിയിരുന്നു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, പ്ലാനിങ് ഓഫിസര്‍ സതീഷ്, വേളി ടൂറിസ്റ്റ് വില്ലേജ് ഡെപ്യൂട്ടി ഡയറക്ടര്‍ സക്കരിയാ അയ്യനത്ത്, ടൂറിസം മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ വിജയകുമാര്‍, ശ്രീകുമാര്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഒരു കാലത്ത് തലസ്ഥാനത്തി​െൻറ അഭിമാനമായിരുന്ന ടൂറിസ്റ്റ് വില്ലേജി​െൻറ അവസ്ഥ പരിതാപകരമാകാന്‍ തുടങ്ങിയതോടെയാണ് പുത്തന്‍നടപടികളുമായി ടൂറിസം വകുപ്പ് രംഗത്തിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.