മായം ചേർത്ത വെളിച്ചെണ്ണ വിൽപന വിപണിയിൽ പൊടിപൊടിക്കുന്നു

കാട്ടാക്കട-: വില കൂടിയതോടെ കവറുകളിൽ നിറച്ച് വിൽപന നടത്തുന്നതുൾപ്പെടെ വെളിച്ചെണ്ണയിൽ സർവത്ര മായം. കാൻസർ ഉൾപ്പെടെ ഗുരുതര രോഗങ്ങൾക്ക് കാരണമാവുന്ന കർണർ ഓയിലും തേങ്ങഎണ്ണയും ചേർത്താണ് വെളിച്ചെണ്ണയെന്ന പേരിൽ കച്ചവടം നടത്തുന്നത്. എന്നാൽ, ചില്ലറ വിൽപന നടത്തുന്ന പലയിടങ്ങളിലും വെളിച്ചെണ്ണക്കൊപ്പം സൂര്യകാന്തി എണ്ണയും ചേർത്ത് കച്ചവടം നടത്തുന്നതായും അറിയുന്നു. തേങ്ങവെളിച്ചെണ്ണയുടെ ശുദ്ധമായ മണം കിട്ടാൻ റോസ്റ്റ് എണ്ണ കൂടി ചേർത്താണ് കവറുകളിലെ എണ്ണ നിറയ്ക്കുന്നത്. നൂറുകിലോ വെളിച്ചെണ്ണക്കൊപ്പം 35 മുതൽ 45 കിലോ വരെ കർണർ ഓയിൽ ചേർത്താണ് കച്ചവടം നടത്തുന്നത്. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരിൽ വെളിച്ചെണ്ണയിൽ ചേർക്കാൻ ഉപയോഗിക്കുന്നത്. ജില്ലയിലെ ചില മില്ലുകളിലാണ് റോസ്റ്റ് എണ്ണ കച്ചവടം നടക്കുന്നത്. ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കർണർ ഓയിൽ തമിഴ്നാട്ടിലെ കാങ്കയത്തുനിന്നാണ് കേരളത്തിൽ എത്തുന്നത്. കർണർ ഓയിലിനു പുറമേ, കൊപ്രയും ഇവിടെനിന്ന് എത്തുന്നു. കേരളത്തിൽ കൊപ്രക്ക് കടുത്ത ക്ഷാമം നേരിട്ടതാണ് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരാൻ ഇടയായതെന്ന് വെളിച്ചെണ്ണ കച്ചവടക്കാർ പറയുന്നു. വെളിച്ചെണ്ണവില കുതിച്ചെങ്കിലും കേരളത്തിലെ കേരകർഷകന് തേങ്ങക്ക് ഇപ്പോഴും ന്യായ വില ലഭിക്കുന്നില്ല. മായം കലർത്തിയ വെളിച്ചെണ്ണ വിൽപന പൊടിപൊടിക്കുമ്പോഴും ഗ്രാമപ്രദേശങ്ങളിൽ ഇതു തടയാനോ ഗുണനിലവാരം പരിശോധിക്കാനോ ആരോഗ്യവകുപ്പ് തയാറാകാത്തതാണ് ഇത്തരം മാഫിയ സംഘങ്ങൾ വളരാൻ കാരണമാവുന്നതെന്ന പരാതിയും ശക്തമാണ്. മാസങ്ങളായി ലക്ഷക്കണക്കിനു രൂപക്കാണ് മായം കലർന്ന വെളിച്ചെണ്ണ കവറുകളിൽ നിറച്ചും അല്ലാതെയും വിൽപന നടത്തുന്നത്. വില 230ലേറെ വിലയുള്ളപ്പോൾ 150 രൂപ താഴെ വിലയ്ക്ക് വെളിച്ചെണ്ണ വിൽക്കുന്ന സംഘങ്ങൾ വ്യാപകമാണ്. ഇത്തരം എണ്ണകൾക്ക് കമീഷന് കൂടുതൽ ലഭിക്കുമെന്നതിനാൽ വ്യാപാരികൾക്കും പ്രിയം വ്യാജ ബ്രാൻഡ് എണ്ണകളാണ്. സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള കേരയോട് സാമ്യമുള്ള പേരുകളാണ് മിക്ക വെളിച്ചെണ്ണ നിർമാതാക്കളും ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.