അവഗണനയുടെ നടുവിൽ പെൺപള്ളിക്കൂടം

ചവറ: വിജയങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും അവഗണനയുടെ നടുവിലാണ് ചവറയിലെ പെൺപള്ളിക്കൂടം. സ്കൂൾ ആരംഭിച്ച കാലം മുതൽ ഉയരുന്നതാണ് അടിസ്ഥാന സൗകര്യങ്ങൾ വേണമെന്നത്. സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയും നവീകരിച്ചും പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ മറ്റു വിദ്യാലയങ്ങൾ ഒരുങ്ങുമ്പോഴും ചവറയിൽ ഏക സർക്കാർ പെൺപള്ളിക്കൂടം കാലങ്ങളായി ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യത്തിനു പോലും പരിഹാരം കാണാനായിട്ടില്ല. അഞ്ചാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയായി നാനൂറോളം കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിന് ചുറ്റും വേലി നിർമിക്കാത്തതാണ് പ്രധാന സുരക്ഷാഭീഷണി. സ്കൂൾ കോമ്പൗണ്ടി​െൻറ ഭാഗത്തിന് പടിഞ്ഞാറും തെക്കുമായി താമസിക്കുന്ന കുടുംബങ്ങൾ ഇവിടം വഴിയായി ഉപയോഗിക്കുന്നതു കാരണം നിലനിൽക്കുന്ന തർക്കമാണ് തടസ്സമാകുന്നത്. വാഹനം കടന്നുപോകുന്ന വീതിയിൽ വഴി നൽകാമെന്ന് ധാരണയാക്കിയെങ്കിലും പിന്നീട് ഈ കാര്യത്തിൽ പുരോഗതിയുണ്ടായില്ല. വർഷങ്ങൾക്കു മുമ്പ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയായിരിക്കെ മതിൽ കെട്ടുന്നതിന് തുക അനുവദിച്ചെങ്കിലും നിർമാണം നടക്കാത്തത് കാരണം നഷ്ടമായി. മാസങ്ങൾക്കു മുമ്പ് ക്ലാസ് മുറിയിൽ തെരുവ് നായ് ഓടിക്കയറിയ സംഭവമുണ്ടായി. തുടർന്ന് ബാലാവകാശ കമീഷൻ അന്വേഷണം നടത്തി ചുറ്റുമതിൽ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഒന്നര വർഷം മുമ്പ് മന്ത്രി തോമസ് ഐസക് സ്കൂളിലെത്തിയപ്പോൾ അധികൃതർ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഉടനടി നടപടി എന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും ഒന്നും ഉണ്ടായില്ല. എസ്.പി.സി, എൻ.സി.സി, സ്കൗട്ട്, എൻ.എസ്.എസ് തുടങ്ങിവയുടെ യൂനിറ്റുകൾ സ്കൂളിലില്ല. ഇത്തവണ 10ാം ക്ലാസ് പരീക്ഷയിൽ 98 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. ചുറ്റുമതിലില്ലാത്തതിനാൽ തെരുവ് നായ്ക്കളും സാമൂഹികവിരുദ്ധരും താവളമാക്കുന്ന വിദ്യാലയത്തിൽ പുതിയ അധ്യയന വർഷത്തിലെങ്കിലും മതിൽ നിർമിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.