തിരുവനന്തപുരം: കിള്ളിയാറിനെ മാലിന്യവിമുക്തമാക്കി സംരക്ഷിക്കാൻ ഇൗ മാസം അവസാനത്തോടെ 'പുഴയറിവ്' പര്യടനം നടത്താൻ തീരുമാനം. പത്തനംതിട്ട ജില്ലയിലെ വരട്ടാറിനെ വീണ്ടെടുക്കാൻ 'വരട്ടെ ആറ്' എന്ന മുദ്രാവാക്യമുയർത്തി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പുഴനടത്ത മാതൃകയിലായിരിക്കും പുഴയറിവ് പര്യടനം. തിങ്കളാഴ്ച കോർപറേഷനിൽ ചേർന്ന സർവകക്ഷി യോഗം കിള്ളിയാറിെൻറ പുനരുജ്ജീവന പ്രവർത്തനത്തിന് പൂർണ പിന്തുണ നൽകി. ജൂൺ, ജൂലൈ മാസങ്ങളിലായി ആറിനെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാൻ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തും. ഗ്രീൻ ആർമി പ്രവർത്തകരെ നിയോഗിച്ച് ശേഖരിച്ച വെള്ളത്തിെൻറ ഗുണനിലവാര സർവേയാണ് ആദ്യം നടത്തുക. കിള്ളിയാർ സിറ്റി മിഷെൻറ രൂപവത്കരണ കൺവെൻഷൻ നടത്തുകയാണ് അടുത്തപടി. ഈ കൺവെൻഷനിൽ കർമപദ്ധതി പ്രഖ്യാപിക്കും. ഹെൽത്ത് സർക്കിൾ, വാർഡുതല സമിതികൾ എന്നിവ പിന്നീട് രൂപവത്കരിക്കും. വാർഡുതല സമിതികൾക്ക് കീഴിൽ ഓരോ അരകിലോമീറ്റർ ഇടവിട്ട് പ്രാദേശിക കമ്മിറ്റികളും രൂപവത്കരിക്കും. കാലവർഷ സമയത്ത് ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുമെന്നതിനാൽ ഭവന സന്ദർശനം, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാകും മുൻതൂക്കം നൽകുക. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനായി സംഘാടക സമിതിക്കും മേയർ വി.കെ. പ്രശാന്ത് അധ്യക്ഷനായി സാങ്കേതിക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.