കർണാടക തെരഞ്ഞെടുപ്പ്: അബ്‌ദുന്നാസിർ മഅ്ദനി നേരത്തേ മടങ്ങും

കൊല്ലം: അർബുദബാധിതയായ മാതാവിനെ കാണാൻ നാട്ടിലെത്തിയ പി.ഡി.പി ചെയർമാൻ അബ്‌ദുന്നാസിർ മഅ്ദനി ബുധനാഴ്ച ബംഗളൂരുവിലേക്ക് തിരിക്കുമെന്ന് പാർട്ടി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ കാണാൻ ബംഗളൂരു എൻ.ഐ.എ കോടതി ഇൗ മാസം മൂന്ന് മുതൽ പതിനൊന്നു വരെയാണ് മഅ്ദനിക്ക് സന്ദർശനാനുമതി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാൽ നേരേത്ത തിരികെ എത്തണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ആറ് പൊലീസുകാരെയാണ് മഅ്ദനിയുടെ സുരക്ഷക്കായി കർണാടക പൊലീസ് കേരളത്തിലേക്ക് വിട്ടത്. ഇൗ ആറ് പൊലീസുകാർ തിരികെ ചെന്നില്ലെങ്കിൽ കർണാടകയിൽ തെരെഞ്ഞടുപ്പ് നടക്കില്ലെന്ന രൂപത്തിലാണ് ഉന്നത പൊലീസ് അധികൃതരുടെ നിലപാട്. 11വരെ കേരളത്തിൽ തുടരാമെന്നിരിക്കെ നേരേത്ത തിരികെയെത്താൻ ആവശ്യപ്പെട്ടത് കടുത്ത നീതിനിേഷധമാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അൻവാർശേരിയിൽ നടക്കുന്ന പ്രത്യേക പ്രാർഥനക്ക് ശേഷം റോഡ് മാർഗം അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. രാത്രി പത്ത് മണിക്ക് ശേഷമുള്ള എയർ ഏഷ്യ വിമാനത്തിൽ ബംഗളൂരുവിലേക്ക് തിരിക്കുമെന്നും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച നാട്ടിൽ സന്ദർശനം നടത്താൻ കോടതി അനുമതി നൽകിയിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടതിനെതുടർന്ന് അടുത്തദിവസം റോഡുമാർഗമാണ് മഅ്ദനി എത്തിയത്. മഅ്ദനിയുടെ യാത്ര വൈകിപ്പിക്കാൻ മനഃപൂർവം കർണാടക പൊലീസ് നിസ്സാരകാരണങ്ങൾ ഉണ്ടാക്കുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ മൂലം ഇപ്പോൾ അദ്ദേഹം ബുദ്ധിമുട്ടുകയാണ്. മഅ്ദനിക്ക് അനുകൂലമായ തീരുമാനം എടുത്താൽ തീവ്ര ഹിന്ദു വോട്ടുകൾ കുറയുമെന്ന ഭീതിയാണ് കർണാടക സർക്കാറിനെന്നും സിറാജ് പറഞ്ഞു. സുപ്രീംകോടതി ജാമ്യത്തിൽ കഴിയുന്ന മഅ്ദനിക്ക് സാമൂഹികനീതി നൽകണമെന്നും ബംഗളൂരു സ്‌ഫോടനക്കേസിൽ എത്രയും വേഗം വിധി ഉണ്ടാവണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും സിറാജ് പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന പ്രത്യേക പ്രതിനിധി സമ്മേളനവും രാജ്യരക്ഷാ ക്യാമ്പി​െൻറ സമാപനപരിപാടിയും 10 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മൈലക്കാട് ഷാ, കൊട്ടാരക്കര സാബു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.