കശുവണ്ടിത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ആശ്വാസവേതനവും നല്‍കണമെന്ന്

കൊല്ലം: സംസ്ഥാനത്തെ മിക്ക കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും പ്രതിമാസം 2000 രൂപ ആശ്വാസവേതനവും അനുവദിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ കാഷ്യു വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ശൂരനാട് എസ്. ശ്രീകുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കശുവണ്ടിത്തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 500 കോടി രൂപ അനുവദിച്ച് ക്ഷേമനിധി ഓഫിസുകള്‍ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. കശുവണ്ടി മേഖലയിലെ തൊഴിലാളി ചൂഷണങ്ങള്‍ വര്‍ധിക്കുമ്പോഴും തൊഴില്‍ വകുപ്പ് ഈ വിഷയങ്ങളില്‍ ഇടപെടുന്നില്ല. നിയമം നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കാന്‍ തയാറാകാത്ത സാഹചര്യവും നിലവിലുണ്ട്. വോട്ടിനുവേണ്ടി മാത്രം കശുവണ്ടിത്തൊഴിലാളികളെ ആശ്രയിക്കുന്ന ജനപ്രതിനിധികളും സര്‍ക്കാറുകളും അവരുടെ പ്രശ്‌നങ്ങള്‍ കാണാന്‍ ഇടപെടുന്നില്ല. സംസ്ഥാനത്തൊട്ടാകെ മൂന്നു ലക്ഷത്തോളം കശുവണ്ടിത്തൊഴിലാളികള്‍ ഉണ്ടെന്നിരിക്കെ ഇരുപതിനായിരത്തോളം വരുന്ന കാഷ്യു കോര്‍പറേഷ​െൻറയും കാപക്‌സി​െൻറയും ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് മാത്രം ജോലി നൽകാനെന്ന വ്യാജേന കോടിക്കണത്തിന് രൂപ പൊതുമേഖലക്ക് നല്‍കിയതില്‍ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ശ്രീകുമാര്‍ ആരോപിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് എ.എം. അന്‍സാരി, സെക്രട്ടറിമാരായ കെ.ആര്‍. ഷൗക്കത്ത്, പി.കെ. രാധാമണി, ആനയടി ശശി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.