ഗ്രാമവികസനവകുപ്പിലെ ബന്ധു നിയമനം: യൂത്ത് കോണ്‍ഗ്രസ് പി.എം.ജി.എസ്.വൈ ഓഫിസ് ഉപരോധിച്ചു

കൊല്ലം: ഗ്രാമവികസനവകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂറല്‍ റോഡ് െഡവലപ്മ​െൻറ് ഏജന്‍സി (കെ.എസ്.ആര്‍.ആര്‍.ഡി.എ) പി.എം.ജി.എസ്.വൈ സ്‌കീമില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍മാരെയും ഓവര്‍സിയര്‍മാരെയും മോണിറ്റര്‍മാരെയും നിയമിക്കുന്നതിന് മാനദണ്ഡം പാലിക്കാതെ നടപടി സ്വീകരിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊല്ലത്തെ പി.എം.ജി.എസ്.വൈ ഓഫിസ് ഉപരോധിച്ചു. പ്രവൃത്തി പരിചയം പോലും ആവശ്യപ്പെടാതെയാണ് കെ.എസ്.ആര്‍.ആര്‍.ഡി.എ അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ യോഗ്യത പരീക്ഷ നടത്തിയതും മൂല്യനിര്‍ണയം നടത്തിയതും ഇതേ കെ.എസ്.ആര്‍.ആര്‍.ഡി.എ തന്നെയാണ്. കൂടാതെ പരീക്ഷ നടത്തിയ അതേദിവസംതന്നെ മൂല്യനിര്‍ണയം നടത്തി ഫലവും പ്രസിദ്ധീകരിച്ചെന്ന് സമരക്കാർ ആരോപിച്ചു. കേരളമെമ്പാടും ഇതേരീതിയാണ് കെ.എസ്.ആര്‍.ആര്‍.ഡി.എ അനുവര്‍ത്തിച്ചത്. ഇത് ബന്ധുക്കളെയും ഇഷ്ടക്കാരെയും നിയമിക്കാനായിരുന്നു എന്നാണ് ആരോപണം. കെ.എസ്.ആര്‍.ആര്‍.ഡി.എയുടെ സംസ്ഥാന എംപവേര്‍ഡ് ഓഫിസറുടെ മകള്‍ക്കാണ് കൊല്ലത്ത് പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ഇവരെ നിയമിക്കാനാണ് പ്രവൃത്തിപരിചയം പോലും ഈ തസ്തികയില്‍ നിര്‍ബന്ധമാക്കാതിരുന്നത്. പരീക്ഷ റദ്ദാക്കി വിശ്വാസയോഗ്യമായ സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് വ്യവസ്ഥാപിതമായരീതിയില്‍ വീണ്ടും പരീക്ഷ നടത്തുകയും ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമനം ലഭിക്കണമെങ്കില്‍ മന്ത്രിമാരുടെ ഓഫിസില്‍നിന്നുള്ള ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട ഗതികേടാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊല്ലം അസംബ്ലി പ്രസിഡൻറ് വിഷ്ണു സുനില്‍ പന്തളം പറഞ്ഞു. കെ.എസ്.ആര്‍.ആര്‍.ഡി.എ നിയമന വിഷയത്തില്‍ പരാതിയുമായി ലോകായുക്തയെയും വിജിലന്‍സിനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.