ചിറയിന്‍കീഴ് ലക്ഷ്മിപുരം മാര്‍ക്കറ്റിൽ കയറണമെങ്കിൽ മൂക്കുപൊത്തണം

ആറ്റിങ്ങല്‍: . അത്രമാത്രം മാലിന്യമാണ് മാർക്കറ്റിനുള്ളിൽ. ഒപ്പം കെട്ടിടങ്ങളും തകര്‍ച്ചാഭീഷണിയിലാണ്. ചിറയിന്‍കീഴിലെ ഏറ്റവും തിരക്കേറിയ ചന്തയാണ് വലിയകട ജങ്ഷന് സമീപത്തെ ലക്ഷ്മിപുരം മാര്‍ക്കറ്റ്. ഇവിടത്തെ ശുചീകരണം നേരത്തേ നടത്തിയിരുന്നത് ചന്തപിരിവ് ലേലത്തില്‍ പിടിക്കുന്ന വ്യക്തികളായിരുന്നു. നിലവില്‍ മാര്‍ക്കറ്റ് ലേലം നിയമപ്രശ്നങ്ങളില്‍ കുരുങ്ങിയതോടെ പഞ്ചായത്ത് നേരിട്ടാണ് പിരിവെടുക്കുന്നത്. ഇതോടെ ശുചീകരണപ്രവര്‍ത്തനങ്ങളും മുടങ്ങി. നൂറോളം കച്ചവടക്കാര്‍ ഉൾപ്പെടെ പ്രതിദിനം ആയിരങ്ങളാണ് മാര്‍ക്കറ്റിനെ ആശ്രയിക്കുന്നത്. ഇറച്ചി വെട്ടുന്നതുള്‍പ്പെടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മാംസാവശിഷ്ടങ്ങള്‍ കിടന്ന് ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുകയാണ്. പുഴുക്കള്‍ രൂപപ്പെട്ടിട്ടുമുണ്ട്. മാര്‍ക്കറ്റില്‍ വിപണനത്തിനും സാധനങ്ങള്‍ വാങ്ങുന്നതിനും വരുന്നവര്‍ മൂക്ക് പൊത്തിയാണ് നില്‍ക്കുന്നത്. നിരവധിതവണ വ്യാപാരികളും നാട്ടുകാരും പരാതിപ്പെട്ടിട്ടും ശുചീകരണം സാധ്യമായില്ല. നിരന്തരം പരാതിപ്പെടുമ്പോള്‍ ബ്ലീച്ചിങ് പൗഡര്‍ വിതറുകമാത്രമാണ് ചെയ്യുന്നത്. മത്സ്യവിപണനത്തിന് വിശാലമായ ബഹുനില കെട്ടിടം തീരദേശവികസന കോര്‍പറേഷ​െൻറ സഹായത്തോടെ നിര്‍മിച്ചിരുന്നു. എന്നാൽ, ഈ കെട്ടിടത്തില്‍ ശുചിമുറി സൗകര്യമില്ല. പിന്നിൽ ശുചിമുറി നിർമിച്ചെങ്കിലും ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയാണ്. പകുതിയിലേറെ വ്യാപാരികള്‍ ഈ കെട്ടിടത്തിന് പുറത്താണ് കച്ചവടം നടത്തുന്നത്. ഈ ഭാഗമെല്ലാം വൃത്തിഹീനമായ നിലയിലാണ്. ഏക ശുചിമുറിയിൽനിന്നും ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറിയിൽനിന്നും മാലിന്യം മാര്‍ക്കറ്റിലേക്കൊഴുകുകയാണ്. മാര്‍ക്കറ്റിന് ചുറ്റുമായി നില്‍ക്കുന്ന പഴയ ഷോപ്പിങ് കോംപ്ലക്സുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച കെട്ടിടത്തി​െൻറ സീലിങ് അടര്‍ന്ന് വീഴുകയാണ്. ഭിത്തികളില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. വേനല്‍ മഴ ലഭിച്ചതോടെ ദുര്‍ഗന്ധം കൂടുതല്‍ രൂക്ഷമാവുകയും ഈച്ച, -കൊതുക് ശല്യങ്ങള്‍ വർധിക്കുകയും ചെയ്തിട്ടുണ്ട്. ശുചീകരണം നടത്താത്ത സാഹചര്യത്തില്‍ ചന്ത പിരിവ് നിഷേധിക്കുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ ആലോചിക്കുകയാണ് വ്യാപാരികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.