തിരുവനന്തപുരം: വികേന്ദ്രീകൃത മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോർപറേഷെൻറ പാളയത്തെ മെയിൻ ഒാഫിസ് വളപ്പിൽ സ്ഥാപിച്ച തുമ്പൂർമൂഴി മോഡൽ എയ്റോബിക് ബിന്നിൽനിന്നുള്ള കമ്പോസ്റ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിെൻറ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിലെ ജൈവ പച്ചക്കറികൃഷിക്ക് വളമായി ഉപയോഗിക്കും. തോമസ് ഐസക് മൻമോഹൻ ബംഗ്ലാവിലേക്ക് താമസംമാറ്റിയ ഉടൻ അവിടെ ജൈവമാലിന്യം സംസ്കരിക്കാൻ തുമ്പൂർമൂഴി എയ്റോബിക് ബിൻ സ്ഥാപിച്ചിരുന്നു. അതോടൊപ്പം ജൈവ പച്ചക്കറികൃഷിയും ആരംഭിച്ചു. ജൈവകൃഷി വിപുലീകരിക്കാൻ മൻമോഹൻ ബംഗ്ലാവിലെ കമ്പോസ്റ്റ് തികയാതെ വന്നപ്പോഴാണ് നഗരസഭ മെയിൻ ഓഫിസിൽനിന്ന് കമ്പോസ്റ്റ് എടുത്തത്. നഗരസഭയുടെ പാളയം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ ജി. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. ഹരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പോസ്റ്റ് ജൈവകൃഷിക്കായി എത്തിച്ചത്. നഗരസഭയുടെ എയ്റോബിക് ബിന്നുകളിൽനിന്നും വീടുകളിൽ സ്ഥാപിച്ച ബയോകമ്പോസ്റ്റർ കിച്ചൺ ബിന്നുകളിൽനിന്നും കമ്പോസ്റ്റ് ശേഖരിച്ച് നഗരസഭ പരിധിയിലെ ലഭ്യമായ സർക്കാർ ഭൂമിയിൽ ജൈവകൃഷി നടത്താൻ നഗരസഭ പദ്ധതി തയാറാക്കിയിട്ടുണ്ട്. മൻമോഹൻ ബംഗ്ലാവിലെ ജൈവ പച്ചക്കറികൃഷി ഈ പദ്ധതിക്ക് ഊർജംപകരുമെന്ന് മേയർ വി.കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.