തിരുവനന്തപുരം: നാലു മക്കളുണ്ടായിട്ടും മരണശേഷവും മണിക്കൂറുകളോളം മോര്‍ച്ചറിക്കുള്ളിൽ ഭാഗീരഥിയമ്മ അനാഥയായി കിടന്നു. വൃദ്ധസദനത്തില്‍ ജീവിതസായാഹ്നം ചെലവഴിക്കാന്‍ വിധിക്കപ്പെട്ട ഭാഗീരഥിയമ്മ ജനറൽ ആശുപത്രി ഒമ്പതാം വാർഡിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരിച്ചത്. വൃദ്ധസദനത്തിലെ ജീവനക്കാര്‍ മരണവിവരം അറിയിച്ചപ്പോള്‍ അവിടെയെത്തിയത്, ഉന്നതനിലയില്‍ ജീവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള നാലു മക്കളില്‍ ഒരാള്‍ മാത്രം. ഒടുവില്‍ പൊലീസ് ഇടപെട്ട് മക്കളെയും ബന്ധുക്കളെയും വിളിച്ചുവരുത്തിയാണ് മൃതദേഹം കൈമാറിയത്. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി ഭാഗീരഥിയമ്മയെ (70) മാസങ്ങള്‍ക്ക് മുമ്പാണ് മകള്‍ ശ്രീലത കോർപറേഷെൻറ സായാഹ്നം വൃദ്ധസദനത്തില്‍ കൊണ്ടാക്കിയത്. ഏറെ നാളായി അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ഇപ്പോള്‍ തനിക്ക് അതിനുള്ള സാഹചര്യമില്ലെന്നും വ്യക്തമാക്കിയായിരുന്നു അവര്‍ അമ്മയെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, ഇവിടെ കഴിഞ്ഞു വരവെയാണ് ഭാഗീരഥിയമ്മയെ ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു അന്ത്യം. ജീവനക്കാര്‍ വിവരമറിയിച്ചപ്പോള്‍ മകള്‍ മാത്രമാണെത്തിയത്. എന്നാല്‍, ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഫോര്‍ട്ട് പൊലീസ് മൃതദേഹം വിട്ടുനല്‍കിയില്ല. തൃപ്തികരമായ കാര്യങ്ങള്‍ അവര്‍ പറയാതിരുന്നതിനെ തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കാന്‍ പൊലീസ് വിസമ്മതിക്കുകയായിരുന്നു. മറ്റു മൂന്നു മക്കള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ദൂരെയുള്ള ജോലിസ്ഥലങ്ങളിലാണെന്നായിരുന്നു മറുപടി. എല്ലാ മക്കളും ഒരുമിച്ചെത്തിയാലേ മൃതദേഹം വിട്ടുനല്‍കാനാവൂ എന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന്, മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 10.30ഓടെ എല്ലാ മക്കളും ഒരുമിച്ചെത്തിയതിനെ തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.