എച്ച്​.​െഎ.വി സ്​ഥിരീകരണം; 'നാറ്റ്​' ഒഴിവാക്കി പകരം 'എലിസ' പരിശോധന

*ഏഴ് ആശുപത്രികളിൽ നാറ്റ് കൊണ്ടുവരാനുള്ള നടപടി അവസാനിപ്പിക്കുന്നു തിരുവനന്തപുരം: എച്ച്.ഐ.വി സ്ഥിരീകരണത്തിനുള്ള നാറ്റ് പരിശോധനാ സംവിധാനം നടപ്പാക്കുന്നതിൽനിന്ന് സർക്കാർ പിന്മാറുന്നു. പകരം ആധുനിക എലിസ പരിശോധന കിറ്റ് കൊണ്ടുവരാനാണ് തീരുമാനം. കൂടുതൽ പ്രായോഗികവും ചെലവ് കുറവും എലിസയാണെന്ന് കണ്ടെത്തിയതിനാൽ അതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് സർക്കാറിനു മുന്നിൽ പുതിയ നിർദേശം വെച്ചത്. ആർ.സി.സിയിൽനിന്ന് രക്തം സ്വീകരിച്ച രണ്ട് കുട്ടികള്‍ക്ക് എച്ച്.ഐ.വി പകർന്നെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നാറ്റ് (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) പരിശോധന വേണമെന്ന ആവശ്യം ഉയര്‍ന്നത്. ആർ.സി.സി, മലബാര്‍ കാന്‍സര്‍ സ​െൻറര്‍, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നാറ്റ് പരിശോധനാകേന്ദ്രങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മൂന്നുമാസം മുമ്പുള്ള പ്രഖ്യാപനം നടപടികളിൽ ഒതുങ്ങിയിരുന്നു. ഇതിനിടെയാണ് നാറ്റ് ചെലവേറിയതാണെന്ന് മനസ്സിലാക്കി എലിസയിലേക്ക് തിരിയാൻ തീരുമാനിച്ചത്. എലിസ പരിശോധനക്കുള്ള നാലാം തലമുറ കിറ്റ് ഉപയോഗിച്ചാല്‍ വിൻഡോ പീരിയഡ് (എച്ച്.െഎ.വി സാന്നിധ്യം സ്ഥിരീകരിക്കാനുള്ള കാലദൈർഘ്യം) 20-24 ദിവസമായി കുറക്കാനാകും. അതിനാല്‍ ഈ കിറ്റ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ പ്രായോഗികമെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് ചൂണ്ടിക്കാട്ടുന്നത്. നാറ്റിൽ അത് 15 ദിവസമായി കുറക്കാമെങ്കിലും വലിയ ചെലവ് വരും. പരിശോധനാചെലവ്, രക്തസാമ്പിളി​െൻറ സുരക്ഷ എന്നിവ പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് കേന്ദ്രീകൃത നാറ്റ് പരിശോധനാ കേന്ദ്രം തുറക്കുന്നത് അപ്രായോഗികമാണ്. പരിശോധനാ കേന്ദ്രത്തിന് മൂന്നുകോടിയോളം ചെലവ് വരും. പരിശോധനക്ക് 1000 രൂപയും. സംസ്ഥാനത്ത് വര്‍ഷം നാലുലക്ഷം യൂനിറ്റ് രക്തം ശേഖരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും യൂനിറ്റുകൾ നാറ്റ് പരിശോധനക്ക് വിധേയമാക്കുക പ്രായോഗികമല്ല. കേന്ദ്രീകൃത സംവിധാനം ആരംഭിച്ച് അവിടേക്ക് സാമ്പിളുകള്‍ സുരക്ഷിതമായി എത്തിക്കലും ബുദ്ധിമുട്ടാണ്. ഇവയാണ് നാറ്റ് ഒഴിവാക്കാൻ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. 30 വയസ്സില്‍ താഴെയുള്ള ദാതാക്കളുടെ എണ്ണം കൂട്ടുകയും തുടർ പരിശോധനകളിലൂടെ അവര്‍ രോഗമുക്തരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന പ്രായോഗികമാര്‍ഗങ്ങൾ അവലംബിക്കാനും തീരുമാനമുണ്ട്. - സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.