വി.കെ. കൃഷ്​ണമേനോനിൽ മോദിക്ക്​ പിഴച്ചു; സമൂഹമാധ്യമങ്ങളിൽ പരിഹാസം

ബംഗളൂരു: രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണ് കോൺഗ്രസെന്ന് സമർഥിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനിടയാക്കി. ചരിത്രവിവരം വർധിക്കാൻ ദിവസവും പത്രം വായിക്കുന്നത് നല്ലതാണെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയുടെ പോസ്റ്റ്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നൽകാൻ താൻ സന്നദ്ധനാണെന്നായിരുന്നു പത്രപ്രവർത്തകനായ വിഷ്ണുസോമി​െൻറ പരിഹാസം. മോദിയുടെ തെറ്റ് ചൂണ്ടിക്കാട്ടി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും രംഗത്തെത്തി. വ്യാഴാഴ്ച ബെള്ളാരിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മോദിക്ക് അബദ്ധം പിണഞ്ഞത്. സൈനികരെ മോശക്കാരാക്കുന്ന കോൺഗ്രസ് കർണാടകക്കാരായ ഫീൽഡ് മാർഷൽ കരിയപ്പയോടും ജനറൽ തിമ്മയ്യയോടും കാണിച്ചതെന്താണെന്നു ചരിത്രത്തിലുണ്ടെന്നു പറഞ്ഞാണ് മോദി തുടങ്ങിയത്. 'ജനറൽ തിമ്മയ്യക്ക് കീഴിൽ 1948ൽ നമ്മൾ ഇന്ത്യ-പാക് യുദ്ധം ജയിച്ചു. എന്നാൽ, യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും ജനറൽ തിമ്മയ്യയെ തുടർച്ചയായി അവമതിക്കാനാണ് ശ്രമിച്ചത്. ഇതാണ് ജനറൽ തിമ്മയ്യ രാജിെവക്കാൻ കാരണം'- മോദി പറഞ്ഞു. എന്നാൽ, 1948ൽ ജനറൽ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഇൗ വസ്തുത അറിയാതെയാണ് മോദി കർണാടകയുടെ വികാരത്തെ തൃപ്തിപ്പെടുത്താൻ എഴുതിക്കൊടുത്ത പ്രസംഗം വായിച്ചുകുടുങ്ങിയത്. ഒമ്പതു വർഷങ്ങൾക്കു ശേഷം 1957ലാണ് ജനറൽ തിമ്മയ്യ സൈനിക മേധാവിയായത്. 1948ൽ വി.കെ. കൃഷ്ണമേനോൻ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല. 1947മുതൽ 1952 വരെ യു.കെയിലെ ഇന്ത്യൻ അംബാസഡറായിരുന്നു അദ്ദേഹം. 1957 മുതൽ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്. 1948ൽ ബൽദേവ് സിങ് ആയിരുന്നു പ്രതിരോധ മന്ത്രി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.