അധികാര കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യം വർധിപ്പിക്കണം -മുഖ്യമന്ത്രി നെടുമങ്ങാട്: അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതോടൊപ്പം അധികാര കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങൾ കൂടി വർധിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് റവന്യൂ ഡിവിഷൻ ഒാഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവിസ് മേഖലയിലെ ഭൂരിഭാഗം പേരും നാടിനെ സേവിക്കാൻ തയാറുള്ളവരാണ്. എന്നാൽ, അപൂർവം ചിലർ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നു. അവരെ പോത്സാഹിപ്പിക്കാൻ കഴിയില്ല. അത്തരം തെറ്റിന് വശംവദരായവർെക്കതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ജനങ്ങൾക്കുവേണ്ടിയാണ് നാം നിലകൊള്ളുന്നതെന്ന ബോധ്യത്തോടെയാണ് പ്രശ്‌നങ്ങളെയും പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഫയലിനെയും സമീപിക്കേണ്ടത്. ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാർ ഓഫിസുകളിൽ കയറാൻ പോലും ധൈര്യം കാട്ടാത്ത പാവപ്പെട്ടവരോട് ഉദ്യോഗസ്ഥർ കൂടുതൽ കരുതൽ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് റവന്യൂ ഡിവിഷനില്ലാത്ത ഏഴു ജില്ലകളിൽ വയനാട് ഒഴിച്ച് എല്ലായിടത്തും പുതിയ റവന്യൂ ഡിവിഷൻ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കിവരുകയാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം സൃഷ്ടിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയിൽ അഞ്ചുകോടി രൂപ ചെലവിൽ ടൂറിസം വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വാമനപുരം ജലസേചന പദ്ധതിയുടെ ഒഴിഞ്ഞുകിടക്കുന്ന നെടുമങ്ങാട്ടുള്ള ഒാഫിസ് കോംപ്ലക്സ് വളപ്പിൽ കെ.ടി.ഡി.സി റസ്‌റ്റാറൻറും ചിൽഡ്രൻസ് പാർക്കും സ്ഥാപിക്കാൻ നിർദേശം നൽകിയതായും മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സി. ദിവാകരൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ഡോ. എ. സമ്പത്ത് എം.പി, എം.എൽ.എമാരായ ഡി.കെ. മുരളി, കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, കലക്ടർ ഡോ. എസ്. കാർത്തികേയൻ, നഗരസഭാധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. ബിജു, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ആർ.ഡി.ഒ ആർ.എസ്. ബൈജു, നഗരസഭാംഗങ്ങളായ ടി. അർജുനൻ, പി. രാജീവ്, സബ് കലക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. ജോൺ വി. സാമുവൽ, തോന്നയ്ക്കൽ ജമാൽ, ആർ. ജയദേവൻ, ജി.ആർ. അനിൽ, ഫിറോസ്ലാൽ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ആർ.ഡി.ഒക്ക് കീഴിലുള്ള നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളെ ഉൾപ്പെടുത്തിയാണ് നെടുമങ്ങാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചത്. ആർ.ഡി ഓഫിസിെൻറ പരിധിയിൽ നെടുമങ്ങാട് താലൂക്കിലെ 25 വില്ലേജും നെയ്യാറ്റിൻകര താലൂക്കിലെ 21 വില്ലേജും കാട്ടാക്കട താലൂക്കിലെ 13 വില്ലേജുമാണ് ഉൾപ്പെടുന്നത്. നെയ്യാറ്റിൻകര താലൂക്കിൽനിന്നുള്ള എം.എൽ.എമാർ വിട്ടുനിന്നു. നെടുമങ്ങാട് ആർ.ഡി ഒാഫിസിെൻറ ഉദ്ഘാടനത്തിൽനിന്ന് നെയ്യാറ്റിൻകര താലൂക്കിൽനിന്നുള്ള എം.എൽ.എമാർ വിട്ടുനിന്നു. പാറശ്ശാല, നെയ്യാറ്റിൻകര, കോവളം എം.എൽ.എമാരാണ് ഉദ്ഘാടനത്തിൽ എത്താതിരുന്നത്. നെയ്യാറ്റിൻകര താലൂക്കിനെ നെടുമങ്ങാട് ആർ.ഡി.ഒയുടെ കീഴിലാക്കിയതിൽ പ്രതിഷേധം കനക്കുന്നതിനിടയിലാണ് ഉദ്ഘാടനത്തിൽനിന്ന് എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസെൻറ് എന്നിവരുടെ വിട്ടുനിൽക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.