മുതലപ്പൊഴിയില്‍ ഡ്രെഡ്ജിങ് ആരംഭിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയ പാറ ഡ്രെഡ്ജിങ്ങിലൂടെ നീക്കി അഞ്ചുമീറ്റര്‍ ആഴം ഹാര്‍ബറിന് ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മുതലപ്പൊഴിയില്‍ അദാനി ഗ്രൂപ്പി​െൻറ സഹകരണത്തോടെ പാറ നീക്കാനുള്ള ഡ്രെഡ്ജിങ് നടപടികളുടെ ഫ്ലാഗ്ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഹാര്‍ബറി​െൻറ രൂപകല്‍പനയിലെ അപാകതകളും നിര്‍മാണസമയത്ത് പൊഴിയുടെ അടിയിലുള്ള പാറ മാറ്റാത്തതുമാണ് പതിവായി അപകടമുണ്ടാവാന്‍ കാരണം. പാറ മാറ്റാനായി ഡ്രെഡ്ജിങ് വേണമെന്നതായിരുന്നു ദീര്‍ഘകാലമായുള്ള ആവശ്യം. ഈ സര്‍ക്കാര്‍ വന്നശേഷം ഡ്രെഡ്ജിങ്ങിന് നടപടിയെടുത്തു. ഇന്ത്യയില്‍ ലഭ്യമായ ഡ്രെഡ്ജര്‍ ഉപയോഗിച്ച് കുറേയേറെ മണ്ണ് മാറ്റിയെങ്കിലും പാറപൊട്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഗോള ടെൻഡര്‍ വിളിച്ച് പാറ മാറ്റാനാകുന്ന ഡ്രെഡ്ജര്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരവെയാണ് അദാനി പോര്‍ട്ട് ഗ്രൂപ് ഇപ്പോഴത്തെ നിര്‍ദേശവുമായി വന്നത്. വിഴിഞ്ഞം പോര്‍ട്ടിനായി പാറയെത്തിക്കാന്‍ മുതലപ്പൊഴിയില്‍ വാര്‍ഫ് തയാറാക്കി അതുവഴി ബാര്‍ജുകള്‍ മുഖേന പാറയെത്തിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു ആവശ്യം. പൊഴിയില്‍ ഡ്രെഡ്ജിങ് നടത്തി പാറനീക്കി ആഴംകൂട്ടിയാല്‍ വാര്‍ഫ് നിര്‍മിക്കാന്‍ അനുമതി നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ഇതുപ്രകാരമാണ് അദാനി ഗ്രൂപ് ഡ്രെഡ്ജറുമായി എത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. രണ്ടുതരം ഡ്രെഡ്ജറാണ് ഇവിടെ ഉപയോഗിക്കുക. പാറ നീക്കം ചെയ്യുന്ന ഒരെണ്ണവും അടിയിലുള്ള വലിയ പാറകള്‍ മുറിച്ചുനീക്കാവുന്ന മറ്റൊരു ഡെഡ്ജറും ഉപയോഗിക്കും. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കി ഹാര്‍ബര്‍ ആഴം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പാറ ഉപയോഗിച്ച് അദാനി പോര്‍ട്ട്‌സി​െൻറ വിഴിഞ്ഞത്തെ നിര്‍മാണങ്ങളും വേഗത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഈ നിര്‍മാണങ്ങള്‍ നടക്കുന്നവേളയില്‍ അപകടമൊഴിവാക്കാന്‍ കക്കവാരല്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികള്‍ ഏര്‍പ്പെടാതെ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സംബന്ധിച്ചു. അദാനി പോര്‍ട്‌സ് സി.ഇ.ഒ രാജേഷ് ഝാ ഡ്രെഡ്ജിങ് നടപടിക്രമങ്ങള്‍ മന്ത്രിക്ക് വിശദീകരിച്ചുനല്‍കി. അദാനി പോര്‍ട്‌സ് കോര്‍പറേറ്റ് അഫയേഴ്‌സ് ഹെഡ് സുശീല്‍ നായര്‍, വിഴിഞ്ഞം ഇൻറര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഡോ. ജയകുമാര്‍, ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയര്‍ പി.കെ. അനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.