വലിയതുറ: ഓഖിയും കടലാക്രമണങ്ങളും വിതച്ച ദുരിതത്തില്‍നിന്ന് കരകയറാന്‍ കഴിയാത്ത ജില്ലയുടെ തീരദേശങ്ങളില്‍ വേനല്‍ക്കാല രോഗങ്ങള്‍ വ്യാപകമായി പടരുന്നു. രോഗബാധിതരായി തീരത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് മികച്ച ചികിത്സയോ ആവശ്യത്തിനുള്ള മരുന്നുകളോ കിട്ടാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കൂടുതല്‍ ദുരിതം പേറുകയാണ്. കടലിനെയും തീരങ്ങളെയും മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളിലാണ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത്. വേനല്‍കടുത്തതോടെ ശരീരത്തിലെ ധാതുലവണങ്ങളില്‍ വരുന്ന കുറവാണ് പലരോഗങ്ങളും വ്യാപകമാകാന്‍ പ്രധാന കാരണം. അതിസാരബാധിതരായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നതില്‍ 90 ശതമാനം പേരും തീരദേശത്ത് നിന്നുള്ളവരാണ്. സര്‍ക്കാറിതര ആശുപത്രികളിലെ കണക്കുകള്‍ കൂടിയാകുമ്പോള്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമാണ്. അതിസാരം പടർന്നുപിടിക്കാൻ കാരണം കുടിവെള്ളക്ഷാമമാണ്. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിനാല്‍ കുടിക്കാനും ഭക്ഷണങ്ങള്‍ പാചകം ചെയ്യാനുമായി തീരവാസികള്‍ അധികവും ഉപയോഗിക്കുന്നത് മലിനജലമാണ്. തീരമേഖലയില്‍ പലയിടത്തും ജല അതോറിറ്റിയുെട പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ കാറ്റ് പോലും വരുന്നില്ല. കൂടാതെ ഡെങ്കി, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, ടൈഫോയിഡ്, മഞ്ഞപ്പിത്തം എന്നിവയും തീരത്ത് പടര്‍ന്നുപിടിക്കുകയാണ്. തീരത്തെ 90 ശതമാനം കുട്ടികളിലും പോഷഹാരക്കുറവ് ഉെണ്ടന്ന് നിരവധി പഠനങ്ങള്‍ സാക്ഷ‍്യപ്പെടുത്തിയിരുന്നെങ്കിലും ആരോഗ്യവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാസങ്ങളായി മാലിന്യ നിര്‍മാര്‍ജനമില്ലാത്തതാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണം. കഴിഞ്ഞവര്‍ഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് കുട്ടികള്‍ ഉൾപ്പെടെ 20 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ഫിഷറീസ് മന്ത്രി ഒരു വര്‍ഷം മുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചിത്വതീരപദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.