രോഗിയുടെ വിരലൊടിച്ച സംഭവം: ആരോഗ്യമന്ത്രി ജീവനക്കാരുടെ അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ വിരൽ ജീവനക്കാരനൊടിച്ച സംഭവം പുറത്തായതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തരയോഗം വിളിച്ചു. നഴ്‌സുമാരുടെയും നഴ്‌സിങ് അസിസ്റ്റൻറുമാരുടെയും അറ്റൻറര്‍മാരുടെയും യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് മെഡിക്കല്‍ കോളജ് ഒ.പി ബ്ലോക്കിലെ ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരും. സംസ്ഥാനത്ത് തന്നെ അപൂര്‍വമായാണ് ഇങ്ങനെയൊരു യോഗം മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടുന്നത്. ആശുപത്രികളിലെ മേലധികാരികളും സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫിസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീസൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശംനൽകി. ഡ്യൂട്ടിയിലില്ലാത്തവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. സംഭവം അറിഞ്ഞയുടന്‍ തന്നെ ആരോഗ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അന്വേഷണം നടത്തിയിരുന്നു. ത്വരിതാന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പി.എസ്.സി സ്ഥിരംജീവനക്കാരനായ നഴ്‌സിങ് അസിസ്റ്റൻറ് ആര്‍. സുനില്‍കുമാറിനെ സസ്‌പെൻഡ് ചെയ്തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതിനുശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.