സഖാവ് ജെ.കെക്ക്​ ഇനിമുതൽ ഗാന്ധിഭവനിൽ അഭയം

പത്തനാപുരം: ജീവിതം രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിെവച്ച് ഒടുവില്‍ കൂട്ടിന് ആരുമില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന വൃദ്ധന് ഗാന്ധിഭവന് അഭയമായി. പാലക്കാട് വടക്കുംചേരി അഞ്ചുമൂര്‍ത്തീമംഗലത്ത് ജയകൃഷ്ണനാണ് (60) ഗാന്ധിഭവന്‍ അഭയമേകിയത്. 30 വര്‍ഷത്തിലധികം രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം സഖാവ് ജെ.കെ എന്നാണ് അറിയപ്പെട്ടിരുന്നത്. പഠനത്തിനുശേഷം രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജയകൃഷ്ണന്‍ അവിവാഹിതനാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി, കെ.എസ്.കെ.ടി.യു പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാതാപിതാക്കളുടെ മരണശേഷം കോയമ്പത്തൂരില്‍ ജോലിതേടിപ്പോയ ജയകൃഷ്ണന്‍ അവിടുത്തെ ഒരു ബേക്കറിയില്‍ കാഷ്യറായി ജോലിചെയ്യുകയായിരുന്നു. എന്നാല്‍, പത്തുവര്‍ഷം മുമ്പുണ്ടായ ഒരപകടത്തില്‍ ഇദ്ദേഹത്തിന് നട്ടെല്ലിന് പരിക്കേറ്റതോടെ ജോലിക്കുപോകാന്‍ കഴിയാതായി. നാട്ടില്‍ തിരിച്ചെത്തിയ ജയകൃഷ്ണന്‍ കടം വീട്ടാനായി ആകെയുണ്ടായിരുന്ന സ്ഥലവും വീടും വിറ്റു. പിന്നീട് കടത്തിണ്ണകളിലും െറയില്‍വേ സ്റ്റേഷനിലുമാണ് അന്തിയുറങ്ങിയിരുന്നത്. നിരവധിപേര്‍ക്ക് പെന്‍ഷനും വീടും ഉള്‍പ്പെടെയുള്ള ആനുകൂല്യം വാങ്ങിനല്‍കാന്‍ പ്രയത്‌നിച്ച ജയകൃഷ്ണന് സ്വന്തമായി റേഷന്‍കാര്‍ഡ് പോലും ഇല്ല. നട്ടെല്ലിന് സംഭവിച്ച ക്ഷതവും വാര്‍ധക്യസഹജമായ അവശതകളും മൂലം ജയകൃഷ്ണ​െൻറ ജീവിതം ദുരിതപൂര്‍ണമായി. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ അഭയത്തിനായി മുട്ടിയ അനാഥാലയങ്ങളുടെ വാതിലുകളൊന്നും അദ്ദേഹത്തിന് മുന്നില്‍ തുറന്നില്ല. ജയകൃഷ്ണ​െൻറ ദുരിതജീവിതം മനസ്സിലാക്കിയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.