മത്സരഫലം അർധരാത്രിയിൽ; മാറ്റിമറിച്ച്​ അപ്പലേറ്റ്​ കമ്മിറ്റി, വിവാദമായപ്പോൾ മരവിപ്പിച്ചു

കൊല്ലം: കേരള സർവകലാശാല കലോത്സവ മത്സരഫലം വെള്ളിയാഴ്ച അർധരാത്രിയിൽ മാറിമറിഞ്ഞത് ദിവസം മുഴുവൻ നീണ്ട പ്രതിഷേധത്തിനും വിവാദത്തിനും വഴിതെളിച്ചു. ഫലം മാറ്റിമറിച്ച അപ്പലേറ്റ് കമ്മിറ്റിയുടെ തീരുമാനം അവർ തന്നെ മരവിപ്പിച്ചു. ഇതോടെ മഹാലക്ഷ്മിക്ക് കലാതിലകപ്പട്ടം നഷ്ടമായി. കഥാപ്രസംഗം, കുച്ചിപ്പുടി, മാപ്പിളപ്പാട്ട് ഉൾപ്പെടെ അഞ്ച് ഇനങ്ങളിലെ ഫലമാണ് അപ്പേലറ്റ് കമ്മിറ്റി മാറ്റിമറിച്ചത്. ഒന്നാംസ്ഥാനം നേടിയവർ പട്ടികയിൽനിന്ന് പുറത്തായി. മൂന്നാംസ്ഥാനം േപാലും ലഭിക്കാതിരുന്നവർ ഒന്നാംസ്ഥാനത്തേക്ക് ഉയർന്നു. കഥാപ്രസംഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ശ്രീകാര്യം ഗ്രിഗോറിയൻ കോളജിലെ മെറിൻ മേരി ഫിലിപ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാംസ്ഥാനത്തുണ്ടായിരുന്ന വിദ്യാർഥിനി ഒന്നാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനം പങ്കുവെച്ച കായംകുളം ടി.കെ.എം.എം കോളജിലെ ശ്രീദേവി, ശിവഗിരി എസ്.എൻ കോളജിലെ ശിവകാമി ദേവി എന്നിവർ പട്ടികയിൽനിന്ന് പുറത്തായി. പകരം രണ്ടുപേർ മൂന്നാംസ്ഥാനത്തെത്തി. കുച്ചിപ്പുടി മത്സരത്തിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളജിലെ ദിവ്യ വിജയനായിരുന്നു ഒന്നാംസ്ഥാനം. വെള്ളിയാഴ്ച രാത്രി ഒന്നരയോടെ ഫലം മാറിമറിഞ്ഞതായി അറിയിപ്പുണ്ടായി. ദിവ്യ വിജയൻ വിജയികളുടെ പട്ടികയിൽനിന്ന് പുറത്തായി. മാപ്പിളപ്പാട്ടിൽ ഒന്നും രണ്ടും സ്ഥാനക്കാരായ എ.എസ്. ശ്രീലക്ഷ്മി (തോന്നയ്ക്കൽ എ.ജെ കോളജ്), ഷഹാന ഷംസ് (ചാവർകോട് സി.എച്ച്.എം കോളജ്) എന്നിവർ വിജയികളുടെ പട്ടികയിൽനിന്ന് പുറത്തായി. ഫലംപ്രഖ്യാപിച്ചപ്പോൾ സമ്മാനം ലഭിക്കാതിരുന്നവർക്കാണ് അപ്പലേറ്റ് കമ്മിറ്റി രണ്ടാംസ്ഥാനം പ്രഖ്യാപിച്ചത്. വിവാദവും പ്രതിഷേധവും ഉയർന്നതിനെതുടർന്ന് അപ്പലേറ്റ് കമ്മിറ്റി വിദ്യാർഥികളുമായി പലതവണ ചർച്ച നടത്തി. പട്ടികയിൽനിന്ന് പുറത്തായ ഒരു വിദ്യാർഥിനിക്ക് മൂന്നാംസ്ഥാനം നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും മത്സരാർഥി നിഷേധിച്ചു. ചർച്ചയിൽ ധാരണ ഉണ്ടാകാതിരുന്നതിനെ തുടർന്ന് അപ്പലേറ്റ് കമ്മിറ്റിയുടെ തീരുമാനം മരവിപ്പിച്ചു. ഇതോടെ കലാതിലകം ഉൾെപ്പടെ മാറിമറിയുകയായിരുന്നു. അപ്പീൽ സംബന്ധിച്ച് പിന്നീട് പരിശോധന ഉണ്ടാകുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.