സി.പി.ഐ സമരത്തിനുനേരെ സി.പി.എം പ്രവർത്തകരുടെ കൈയേറ്റം

-കല്ലേറും കരി ഓയിൽ പ്രയോഗവും നെടുമങ്ങാട്: ആനാട് ഫാർമേഴ്‌സ് ബാങ്ക് ഭരണസമിതി യോഗത്തിനിടെ അംഗങ്ങളെ ബാങ്ക് ജീവനക്കാരനായ സി.പി.എം നേതാവ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച സി.പി.ഐ പ്രവർത്തകർക്ക് നേരെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കല്ലേറും കരി ഓയിൽ പ്രയോഗവും. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ സി.പി.ഐ പ്രവർത്തകർ ബാങ്കിലേക്ക് തള്ളിക്കയറാനും സി.പി.എം പ്രവർത്തകർ തടയാനും ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സി.പി.ഐയുടെ ബോർഡ് മെംബർമാരായ ആനാട് ജി. ചന്ദ്രൻ, പ്രസന്നൻ നായർ എന്നിവരെ വെള്ളിയാഴ്ച വൈകീട്ട് ബാങ്ക് പ്രസിഡൻറി​െൻറ കാബിനിൽ അതിക്രമിച്ചുകയറി ആക്രമിച്ച ജീവനക്കാരൻ പത്മകുമാറിനെ സസ്പെൻഡ് ചെയ്യണമെന്നും നിയമനങ്ങൾ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് നൂറ്റമ്പതോളം വരുന്ന സി.പി.ഐ പ്രവർത്തകർ ബാങ്കിന് മുന്നിൽ മാർച്ചും ധർണയും നടത്തുകയായിരുന്നു. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവേശന കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച സി.പി.ഐക്കാരുടെ ഇടയിലേക്ക് ബാങ്ക് വളപ്പിൽനിന്ന് കല്ലേറുണ്ടായി. ഏതാനും പ്രവർത്തകർക്ക് പരിക്കുപറ്റി. സമാധാനപരമായി യോഗം തുടർന്നെങ്കിലും കരി ഓയിൽ നിറച്ച പാട്ടയേറ്‌ തുടങ്ങിയതോടെ പ്രവർത്തകർ രോഷാകുലരായി. ഇരുകൂട്ടരും പൊലീസിനെ നോക്കുകുത്തിയാക്കി ഉന്തും തള്ളുമായി. ബാങ്ക് വളപ്പിൽ നിന്നും ബാങ്കിന് മുന്നിലെ സി.ഐ.ടി.യു വെയിറ്റിങ് ഷെഡിൽ നിന്നും കൂക്കിവിളിയും അസഭ്യവർഷവുമുണ്ടായി.നെടുമങ്ങാട് സി.ഐയും എസ്.ഐയും സ്ഥലത്തുണ്ടായിരുന്നിട്ടും കാഴ്ചക്കാരായി മാറി നിന്നുവെന്ന് ആക്ഷേപമുണ്ട്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാറും മുതിർന്ന സി.പി.ഐ നേതാക്കളും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ആനാട് ജി. ചന്ദ്ര​െൻറ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ അടുത്തിടെ സി.പി.ഐയിൽ ചേർന്നിരുന്നു. ഇവർക്ക് സ്വീകരണം നൽകാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത യോഗത്തിലും സി.പി.എം പ്രവർത്തകർ അക്രമം നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ ധർണ നടത്തി. മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ അംഗം പി.എസ്. ഷൗക്കത്ത്, മണ്ഡലം സെക്രട്ടറി ഡി. പുഷ്കരാനന്ദൻ നായർ, എൽ.സി. സെക്രട്ടറി വേങ്കവിള സജി, ആനാട് എ.ജി. ചന്ദ്രൻ, മൈലം ശശി, എം.ജി. ധനീഷ്, ഹേമചന്ദ്രൻ, അൻഷാദ്, വഞ്ചുവം ഷമീം, സതീശൻ തുടങ്ങിയവർ ധർണയിലും പ്രകടനത്തിലും നേതൃത്വം നൽകി. അതേസമയം, ബാങ്ക് ഭരണസമിതി യോഗം അലങ്കോലപ്പെടുത്താനും പ്രസിഡൻറ് കെ. രാജേന്ദ്രനെ കൈയേറ്റം ചെയ്യാനും ആനാട് ജി. ചന്ദ്ര​െൻറ നേതൃത്വത്തിൽ ശ്രമിച്ചെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിൽ ജീവനക്കാരും സഹകാരികളും ബാങ്കിന് മുന്നിൽ പ്രകടനം നടത്തി. പ്രകടനെത്തതുടർന്ന് നടന്ന യോഗത്തിൽ സി.പി.എം നേതാക്കളായ ടി. പത്മകുമാർ, ആനാട് ഷജീർ, എസ്.ഐ. സുനിൽ, എസ്. കവിരാജ്, നജീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.