ചവറ: ബ്ലോക്ക് പഞ്ചായത്തിെൻറ വാർഷിക പദ്ധതിപ്രകാരം മുച്ചക്ര സ്കൂട്ടർ വാങ്ങാനെത്തിയ ഭിന്നശേഷിക്കാർ അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞത് മണിക്കൂറുകളോളം. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പദ്ധതി ഗുണഭോക്താക്കൾക്ക് ലേണേഴ്സ് നിർബന്ധമാക്കിയതാണ് അംഗപരിമിതരെ കുഴക്കിയത്. അംഗ പരിമിതരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ചവറ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലേണേഴ്സ് നടപടിക്കുള്ള സൗകര്യം ചവറ ബ്ലോക്കിൽ ചെയ്തു നൽകിയിരുന്നു. എന്നാൽ, സദുദ്ദേശത്തോടെ ചെയ്ത നടപടി ഒടുവിൽ ബ്ലോക്ക് അധികൃതർക്ക് തന്നെ തലവേദനയായി. കരുനാഗപ്പള്ളി ആർ.ടി ഓഫിസിലെ സൗകര്യം ചവറയിൽ സജ്ജമാക്കിയിരുന്നു. തുടർന്ന് ചവറ ഐ.സി.ഡി.എസിൽനിന്ന് അപേക്ഷ വാങ്ങിയ ഗുണഭോക്താക്കൾ ലേണേഴ്സിനുള്ള തുക അടച്ചത് അക്ഷയ സെൻറർ വഴിയാണ്. എന്നാൽ, തുക അടയ്ക്കേണ്ട അക്കൗണ്ട് കൃത്യമായി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ പറഞ്ഞുനൽകാത്തതാണ് വിനയായത്. 1100 രൂപ അടച്ച് രസീത് വാങ്ങിയവർ ഗിയറുള്ള വാഹനങ്ങൾക്കുള്ള അക്കൗണ്ടിലേക്കാണ് പണമടച്ചത്. പദ്ധതി ഗുണഭോക്താക്കൾക്കാകട്ടെ ഗിയറില്ലാത്ത വാഹനങ്ങളാണ് ലഭിക്കേണ്ടതും. പണമടച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ലേണേഴ്സിനുള്ള സംവിധാനം കിട്ടാതായതോടെ പ്രതിഷേധവും ശക്തമായി. രാവിലെ മുതൽ പല വാഹനങ്ങളിലും അല്ലാതെയുമായി വന്നവർക്ക് ആഹാരം കഴിക്കാനോ വീട്ടിൽ പോകാനോ കഴിഞ്ഞില്ല. വിദ്യാഭ്യാസമോ കമ്പ്യൂട്ടർ പരിജ്ഞാനമോ ഇല്ലാത്തവരാണധികമെന്നും ലേണേഴ്സ് നിയമങ്ങൾ തങ്ങൾക്ക് ബുദ്ധിമുട്ടാെണന്നും ഗുണഭോക്താക്കൾ പറഞ്ഞു. പലർക്കും വേണ്ടത്ര പരിശീലനവും ലഭ്യമായിരുന്നില്ല. ഭിന്നശേഷിക്കാരുടെ പ്രതിഷേധം ശക്തമായതോടെ ബ്ലോക്ക് അധികൃതർ ഇടപെട്ട് മോട്ടോർ വാഹന വകുപ്പിെൻറ തിരുവനന്തപുരത്തും പിന്നീട് ഹൈദ്രാബാദിലെയും ഓഫിസുകളിൽ ബന്ധപ്പെട്ടതോടെയാണ് നടപടി വേഗത്തിലായത്. വൈകീട്ടോടെ ലേണേഴ്സ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞു. 2017-18 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 48 ലക്ഷം രൂപയാണ് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്യാൻ ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.