എണ്ണപ്പന കൃഷി കർഷകർ കൈയൊഴിയുന്നു

പത്തനാപുരം: കിഴക്കന്‍മേഖലയിലെ കര്‍ഷകര്‍ എണ്ണപ്പന കൃഷിയെ കൈയൊഴിയുന്നു. സാമ്പത്തികനഷ്ടവും പനക്കുണ്ടാകുന്ന രോഗബാധയുമാണ് പ്രധാന കാരണമാകുന്നത്. ജില്ലയുടെ മലയോരമേഖലയായ പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലാണ് എണ്ണപ്പന കൃഷി വ്യാപകമായി ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത കാര്‍ഷിക ഉൽപന്നങ്ങളുടെ വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ് കര്‍ഷകര്‍ എണ്ണപ്പന കൃഷിയിലേക്ക് തിരിയുന്നത്. കേന്ദ്ര സര്‍ക്കാറി​െൻറ എണ്ണപ്പന കൃഷി വികസനപദ്ധതിയുടെ സംസ്ഥാനത്തെ നോഡല്‍ ഏജന്‍സിയായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡാണ് സംസ്ഥാനത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. ഓയില്‍ പാമി​െൻറ എസ്‌റ്റേറ്റ് ഉള്‍പ്പെടെ മേഖലയില്‍ 100 ഹെക്ടറിന് മുകളിലാണ് കൃഷി നടന്നിരുന്നത്. കുറഞ്ഞത് അഞ്ച് മണിക്കൂര്‍ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ചെരിവുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. രണ്ട് മുതല്‍ നാലുമാസം വരെ കടുത്തവേനലിനെ പ്രതിരോധിക്കാനും എണ്ണപ്പനക്ക് കഴിയും. വണ്ട് തുടങ്ങിയ ചെറുപ്രാണികളാണ് പനങ്കുലയില്‍ പരാഗണത്തിന് സഹായിക്കുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിന് ഒരു ഹെക്ടറിന് 32,000 രൂപ എന്ന നിരക്കില്‍ സബ്‌സിഡിയും നല്‍കിയിരുന്നു. നിലവില്‍ ഒരു കിലോക്ക് ആറു രൂപ പതിനഞ്ച് പൈസ നിരക്കിലാണ് പഴങ്ങള്‍ സംഭരിക്കുന്നത്. എന്നാല്‍ കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മിക്കതും നിലച്ചു. ഇത് ചെറുകിട കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. രോഗബാധയുണ്ടായ എണ്ണപ്പനകള്‍ക്ക് കൃഷിവകുപ്പില്‍നിന്ന് സഹായം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും തിരിച്ചടിയാണ്. ഇതും കൃഷിയില്‍നിന്ന് പിന്മാറാൻ കര്‍ഷകരെ നിർബന്ധിതരാക്കുന്നുണ്ട്. പത്തനാപുരത്തടക്കം വിവിധ കൃഷിയിടങ്ങളിൽനിന്ന് കർഷകർ എണ്ണപ്പന വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.