എട്ട്​ ​ജീവനുകൾ നെഞ്ചോടടുക്കി കാരുണ്യംതേടി ഒരമ്മ

ചവറ: ഭർത്താവടക്കം എട്ടുപേരുടെ ജീവൻ നെഞ്ചോടടുക്കിപ്പിടിച്ച്, ഏത് നിമിഷവും കരകയറിയെത്താവുന്ന കടലി​െൻറ തീരത്ത് പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് ഒരമ്മ. കൗമാരക്കാരായ പേരമക്കളെ ചിറകിനടിയിലൊതുക്കി തുറന്ന ആകാശത്തിന് കീഴിൽ കിടക്കുന്ന ഇവർക്ക് ആധിമൂലം ഒന്ന് തളർന്നുറങ്ങാൻപോലും കഴിയുന്നുമില്ല. കുഷ്ഠരോഗിയായ ഭർത്താവ്, അകാലത്തിൽ മരിച്ച മകളുടെയും മക​െൻറയും രണ്ട് പേരക്കുട്ടികൾ, ഭർത്താവ് മരിച്ചതിനെ തുടർന്ന് മനോരോഗിയായ മകളും നാല് മക്കളും... ഇത്രയും വയറുകൾക്ക് അന്നംതേടേണ്ടതും ഇൗയമ്മതന്നെ. ചവറ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ അമലോത്ഭവ(50)യാണ് വിധി തുടർച്ചയായി ഏൽപിക്കുന്ന പ്രഹരങ്ങൾക്ക് മുമ്പിൽ നിസ്സാഹയതയോടെ പകച്ചുനിൽക്കുന്നത്. മൂത്തമകളുടെ രണ്ട് പെൺമക്കളായ മരിയസ്വപ്ന (17), സിബി (10) എന്നിവർ മാതാപിതാക്കളുടെ മരണത്തോടെ അമലോത്ഭവയുടെ തണലിലാകുകയായിരുന്നു. ഇളയമകളായ മേരി ത​െൻറ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതോടെ മനോനില തെറ്റിയ നിലയിൽ ഇവർക്കൊപ്പമായി. കൂടെ യോഹന്നാൻ (15), ഷാലു (14), തങ്കം (12), റൂബി (എട്ട്) എന്നീ പേരക്കുട്ടികളും. അമലോത്ഭവയുടെ ഭർത്താവ് മൈക്കിൾ (65) ഇരുപത് വർഷത്തോളം നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് വർഷം മുമ്പ് മടങ്ങിയെത്തിയ മൈക്കിൾ കൂടി ഇവരോടൊപ്പം താമസമാക്കിയതോടെ എട്ട് ജീവനുകളുടെ കാവൽ മാലാഖയാകേണ്ടിവന്നു അമലോത്ഭവക്ക്. നീണ്ടകര മുസ്ലിയാർ റോഡിന് സമീപം പുറേമ്പാക്കിൽ ടാർപ്പാളിൻ കൊണ്ട് മേൽകൂര തീർത്ത ഒറ്റമുറിയിലാണ് ഉണ്ണാനോ ഉറങ്ങാനോ ഗതിയില്ലാത്ത കുടുംബം കഴിയുന്നത്. അമലോത്ഭവക്ക് ഹാർബറിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ തുകയാണ് ഏകവരുമാനം. പുസ്തകങ്ങളോ ഉടുക്കാൻ നല്ല വസ്ത്രങ്ങളോ ഇല്ലാതായതോടെ കുട്ടികൾ പലരും പഠിത്തം നിർത്തി. മൈക്കിളിന് രോഗം മൂലം ശാരീരിക അസ്വസ്ഥത കൂടിയതോടെ പ്രായപൂർത്തിയായ പേരമകൾക്കും കുട്ടികൾക്കും ഒപ്പം വീട്ടുമുറ്റത്താണ് അമലോത്ഭവയുടെ ഉറക്കം. കുഞ്ഞുങ്ങളുടെ സുരക്ഷയോർത്ത് ഉറങ്ങിയിട്ട് നാളേറെയായെന്ന് ഈ വൃദ്ധമാതാവ് പറയുന്നു. അധികാരികളോ സുമനസ്സുകളോ സഹായിച്ച് അടച്ചുറപ്പുള്ള ഒരു വീട് എന്നതാണ് ഈ നിർധന കുടുംബത്തി​െൻറ ഏറ്റവുംവലിയ സ്വപ്നം. കൗമാരത്തിലക്ക് കടക്കുന്ന പേരക്കുട്ടികൾക്ക് സുരക്ഷിതമായുറങ്ങാനെങ്കിലുമാകുമല്ലോ. ഫെഡറൽ ബാങ്കി​െൻറ നീണ്ടകര ശാഖയിൽ മൈക്കിളി​െൻറയും അമലോത്ഭവത്തി​െൻറയും പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12640100160349, IFSC: FDRLO001264.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.