പരവൂർ നഗരസഭ ബജറ്റിന് കൗൺസിൽ അംഗീകാരം: വരവ് 57 കോടി; ചെലവ് 37 കോടി

* ചെയർമാൻ ഏകപക്ഷീയമായി പദ്ധതികൾ തീരുമാനിക്കുന്നെന്ന് യു.ഡി.എഫ് പരവൂർ: നഗരസഭയുടെ 2018-19 വർഷത്തെ ബജറ്റിന് കൗൺസിൽ അംഗീകാരം നൽകി. മുൻവർഷത്തെ നീക്കിയിരിപ്പായ 9,20,67,693 രൂപയടക്കം 57,89,73,723 രൂപ വരവും 37,44,60,934 രൂപ ചെലവും 20,45,12,789 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്. വിവിധ ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കാൻ 1.75 കോടി, ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ 20 ലക്ഷം, മൂന്ന് അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കാൻ 15 ലക്ഷം, ആശ്രയ പദ്ധതി, എസ്.എസ്.എ, ബഡ്സ് സ്കൂൾ, ഇ-ടോയ്െലറ്റ് എന്നിവക്ക് 10 ലക്ഷം വീതം, കോട്ടപ്പുറം എൽ.പി.എസിൽ പുതിയ കെട്ടിടത്തിന് 50 ലക്ഷം, സൂനാമി ഫ്ലാറ്റിൽ സെപ്റ്റേജ് സംവിധാനത്തിന് 20 ലക്ഷം, അംഗൻവാടി പ്രവർത്തകർക്ക് അധിക ഓണറേറിയത്തിന് 8.8 ലക്ഷം, അംഗൻവാടി കുട്ടികൾക്ക് പോഷകാഹാരം നൽകാൻ 20 ലക്ഷം, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പിനും അംഗൻവാടികൾ വഴി ആശ്രയ ഗുണഭോക്താക്കൾക്ക് ഭക്ഷണം നൽകാനും അഞ്ചു ലക്ഷം വീതം, നീർത്തട സംരക്ഷണത്തിന് 75 ലക്ഷം, നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിൽ ഗ്യാസ് മേക്കർ സ്ഥാപിക്കാൻ 22 ലക്ഷം, മുട്ടക്കോഴിയും കൂടും വിതരണത്തിന് 3,39,250, തെങ്ങ്കൃഷി വികസനത്തിന് 10 ലക്ഷം എന്നിവയാണ് പ്രധാന ബജറ്റ് നിർദേശങ്ങൾ. ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് ബജറ്റ് കൗൺസിൽ അംഗീകരിച്ചത്. പല ബജറ്റ് നിർദേശങ്ങൽക്കും തുക വകയിരുത്താതിരുന്നത് പ്രതിപക്ഷത്തി​െൻറ ആക്ഷേപത്തിന് കാരണമായി. പകൽവീട് പ്രവർത്തനം ആരംഭിക്കൽ, റോഡ് വികസനം, പാലിയേറ്റിവ് കെയർ, നെൽകൃഷിക്ക് വിത്തും വളവും, പൊഴിക്കര പി.എച്ച്.സിയിൽ ശൗചാലയം നിർമാണം, ഘടകസ്ഥാപനങ്ങളുടെ ആസ്തിപരിപാലനം എന്നിവക്കാണ് ഫണ്ട് കാണിക്കാതിരുന്നത്. ഇത് ക്ലറിക്കൽ അബദ്ധമാണെന്നായിരുന്നു ഭരണപക്ഷത്തി​െൻറ വിശദീകരണം. ടൂറിസത്തെക്കുറിച്ച് എല്ലാ ബജറ്റിലും നിർദേശങ്ങൾ വരുന്നതല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 35 ലക്ഷം മുടക്കി നിർമിച്ച പകൽവീട് പ്രവർത്തിക്കാതിരുന്നിട്ടും രണ്ടാംനില പണിയുന്നതിനെയും അവർ ചോദ്യംചെയ്തു. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. മാലിന്യസംസ്കരണത്തിന് ഒന്നും ചെയ്യാത്ത നഗരസഭയാണിതെന്നും ആരോപണമുയർന്നു. അർഹരായ പലർക്കും പെൻഷൻ ലഭിക്കുന്നില്ല. കിട്ടാത്ത പലർക്കും കൊടുത്തതായി മുനിസിപ്പൽ രേഖകളിൽ കാണുന്നതായും പ്രതിപക്ഷം ആരോപിച്ചു. ചെയർമാൻ ഏകപക്ഷീയമായി പദ്ധതികൾ തീരുമാനിക്കുകയാണെന്ന് യു.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ പക്ഷപാതപരമായാണ് വാർഡുകൾക്ക് പദ്ധതികളനുവദിച്ചതെന്ന് അവർ പറഞ്ഞു. സ്വന്തം വാർഡി​െൻറ കാര്യം മാത്രം ചിന്തിക്കാതെ നഗരസഭയുടെ സമഗ്രവികസനത്തെക്കുറിച്ച് ആലോചിക്കണമെന്ന് സി.പി.ഐയിലെ ബൈജു പറഞ്ഞു. മാർക്കറ്റിൽ പഴകിയ മീൻ വിൽക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടു. പദ്ധതികൾ അനുവദിക്കുന്നതിൽ വിവേചനം കാണിച്ചെന്ന ആക്ഷേപം ചെയർമാൻ കെ.പി. കുറുപ്പ് നിഷേധിച്ചു. പിശകുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിൽ അനുകൂല നിലപാടെടുത്ത ശേഷം പുറത്തുപോയി ആക്ഷേപം പറയുന്ന ശീലം മാറ്റണമെന്നും ചെയർമാൻ പറഞ്ഞു. ചെയർമാ​െൻറ മറുപടി പ്രസംഗത്തിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗം സതീഷ് വാവറ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.