'ഓർക്കുക വല്ലപ്പോഴും', പി. ഭാസ്കര‍െൻറ പ്രതിമ ഗതികിട്ടാതെ അലയാൻ തുടങ്ങിയിട്ട് ഏഴരവർഷം

തിരുവനന്തപുരം: 'ഓർക്കുക വല്ലപ്പോഴും' എന്നു പാടിയ കവി പി. ഭാസ്കരൻ മാഷിനെ സാംസ്കാരിക കേരളം മറന്നിട്ട് ഏഴരവർഷം. അഞ്ചുമാസത്തിനുള്ളിൽ പൂർത്തീകരിക്കാമെന്നേറ്റ അദ്ദേഹത്തി​െൻറ പ്രതിമ നിർമാണം ഏഴരവർഷമായിട്ടും വെളിച്ചംകണ്ടിട്ടില്ല. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അനാസ്ഥകൂടി ആയതോടെ വൻ സാമ്പത്തിക നഷ്ടമാണ് പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്. 10 ലക്ഷത്തിൽ പൂർത്തീകരിക്കാമെന്നേറ്റ ജോലിക്ക് ഇതിനകം ചെലവായത് 21 ലക്ഷത്തോളമാണ്. 2010 ജൂലൈ 16നാണ് അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പി. ഭാസ്കര‍​െൻറ പ്രതിമ തലസ്ഥാനത്ത് നിർമിക്കുന്നതിന് തീരുമാനിച്ചത്. എൽ.എം.എസ് ജങ്ഷനിലെ ബാർ മെമ്മോറിയലിന് സമീപത്തായിരുന്നു ഇതിനായുള്ള സ്ഥലം കണ്ടെത്തിയത്. ശിൽപിയെ കണ്ടെത്തലും നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടവും സംസ്ഥാന ചലച്ചിത്ര അക്കാദമിക്കായിരുന്നു. ശിൽപി ജീവൻ തോമസിനെയായിരുന്നു അക്കാദമി നിർമാണപ്രവർത്തനങ്ങൾ ഏൽപിച്ചത്. 2010 ആഗസ്റ്റ് 21ന് ജീവൻ തോമസുമായി അക്കാദമി കരാർ ഒപ്പിട്ടു. കരാർ പ്രകാരം അഞ്ചുമാസത്തിനകം 10 ലക്ഷത്തിന് നിർമാണം പൂർത്തിയാക്കാമെന്നായിരുന്നു വ്യവസ്ഥ. പ്രതിമയുടെ നിർമാണം കോഴിക്കോട് പൂർത്തിയാക്കിയശേഷം ജില്ലയിൽ കൊണ്ടുവന്ന് സ്ഥാപിക്കാമെന്നും ശിൽപി അക്കാദമിക്ക് ഉറപ്പുനൽകി. എന്നാൽ, കരാർ അവസാനിക്കുന്ന 2011 ജനുവരി 21ലും പണി പൂർത്തിയായില്ല. പ്രതിമ സ്ഥാപിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിനെതിരെ സ്വകാര്യവ്യക്തി തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചതോടെയാണ് പ്രതിമയുടെ കഷ്ടകാലം തുടങ്ങുന്നത്. കോടതി ഉത്തരവി‍​െൻറ അടിസ്ഥാനത്തിൽ 2011 ഫെബ്രുവരിയിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചു. തുടർന്ന് അക്കാദമിയും നഗരസഭയും ചേർന്ന് കണ്ണമൂലയിൽ പ്രതിമ സ്ഥാപിക്കാനായി പുതിയൊരു സ്ഥലം കണ്ടെത്തി. എന്നാൽ, ഇതിനകം ഒമ്പതുലക്ഷം നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവായെന്നും ഇനിയും ഒമ്പതുലക്ഷം കൂടി അനുവദിച്ചാൽ മാത്രമേ പുതിയ സ്ഥലത്ത് പ്രതിമ നിർമാണം പൂർത്തിയാക്കാൻ കഴിയൂവെന്നും ജീവൻ തോമസ് അക്കാദമിയെ അറിയിച്ചു. ഇതോടെ അന്നത്തെ യു.ഡി.എഫ് സർക്കാർ ആറുലക്ഷം കൂടി നിർമാണത്തിന് അനുവദിച്ചു. എന്നാൽ, മൂന്നുലക്ഷം കൂടി ലഭിച്ചാൽ മാത്രമേ പണി പൂർത്തീകരിക്കാൻ കഴിയൂവെന്ന് ജീവൻ തോമസ് നിലപാടെടുത്തതോടെ നിർമാണം മുടങ്ങി. 15 ലക്ഷം കൈപ്പറ്റിയിട്ടും പ്രതിമയുടെ നിർമാണം എങ്ങുമെത്താതായതോടെ 2014ൽ ജീവൻ തോമസിനെതിരെ ക്രമിനൽ നടപടിയെടുക്കാൻ സർക്കാർ നിർദേശിച്ചു. എന്നാൽ, അക്കാദമി ഭരണസമതിയിലെ പ്രമുഖ സംവിധായകൻ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കുകയായിരുന്നു. തുടർന്ന് എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പ്രതിമ നിർമാണത്തിന് വീണ്ടും ജീവൻെവച്ചത്. ജില്ലയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതോടെ കോഴിക്കോട് പ്രതിമ സ്ഥാപിക്കാനായിരുന്നു പുതിയ അക്കാദമി ഭരണസമിതിയുടെ തീരുമാനം. പണി പൂർത്തിയാക്കുന്നതിനായി വീണ്ടും അഞ്ചുലക്ഷം കൂടി ജീവൻ തോമസിന് നൽകാനും സംവിധായകൻ കമൽ ചെയർമാനായ അക്കാദമി ഭരണസമതി തീരുമാനിച്ചു. എന്നാൽ, അവസാന മിനുക്കുപണികൾ മാത്രമുള്ളപ്പോൾ കോഴിക്കോട് നഗരസഭ പ്രതിമ സ്ഥാപിക്കാനുള്ള അനുവാദം നൽകിയില്ല. ഇതോടെ പണികൾ വീണ്ടും നിലച്ചു. തുടർന്ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തെത്തിച്ച പ്രതിമ ആദ്യം ശംഖുംമുഖത്ത് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവിടെയും നിയമനടപടി സാംസ്കാരിക വകുപ്പിന് കുരുക്കായി. നിലവിൽ മാനവീയം വീഥിയിലാണ് മാഷിന് ഇരിപ്പടം അക്കാദമി കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പ്രതിമയുടെ അനാച്ഛാദനം ചെയ്യുമെന്ന് അക്കാദമി ഭാരവാഹികൾ അറിയിച്ചെങ്കിലും പണി പൂർത്തിയാകാത്തതിനാൽ നടന്നില്ല. അവസാനം ഫെബ്രുവരിയിൽ മലയാള സിനിമയുടെ നവതി ആഘോഷത്തി​െൻറ ഉദ്ഘാടന വേളയിൽ പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് അക്കാദമി അറിയിച്ചിരുന്നെങ്കിലും നിർമാണം പൂർത്തിയായിട്ടില്ലെന്ന് ജീവൻ തോമസ് അറിയിച്ചതിനെ തുടർന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു. -അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.