ജില്ല ഭരണകൂടത്തിനും ഓയിൽ കമ്പനിക്കും പരാതി നൽകിയെങ്കിലും ഒരു ഫലവുമുണ്ടാകുന്നില്ല കൊട്ടിയം: പറക്കുളം മഞ്ഞക്കുഴിഭാഗത്തെ വീടുകളിലെ കിണറുകളിൽ ഡീസലിെൻറ സാന്നിധ്യം വർധിച്ചിട്ടും അധികൃതർ മൗനം തുടരുന്നു. ബുധനാഴ്ച പെയ്ത മഴയിൽ വീടുകൾക്ക് മുന്നിലൂടെ ഡീസൽ പരന്നൊഴുകുകയാണ്. ജില്ല ഭരണകൂടത്തിനും ഓയിൽ കമ്പനിക്കും പരാതി നൽകിയെങ്കിലും ഫലവുമുണ്ടാകുന്നില്ല. പ്രദേശവാസികൾ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ കമീഷൻ ജില്ല ഭരണകൂടത്തിെൻറ വിശദീകരണം തേടിയിട്ടുണ്ട്. മഞ്ഞക്കുഴിഭാഗത്തെ പത്തോളം വീടുകളിലെ കിണറുകളിലാണ് ഏതാനും മാസങ്ങളായി ഡീസൽ കാണപ്പെടുന്നത്. വിവരമറിഞ്ഞ് ആർ.ഡി.ഒ അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും അടുത്തുള്ള പെട്രോൾ പമ്പ് താൽക്കാലികമായി അടച്ചുപൂട്ടാൻ നിർദേശിക്കുകയും ചെയ്തിരുന്നു. പറക്കുളത്ത് ദേശീയ പാതക്കരികിലായി രണ്ട് പമ്പുകൾ നിലവിലുണ്ട്. ഇതിൽ ഒരു പമ്പ് അടച്ചുപൂട്ടി പരിശോധന നടത്തിയെങ്കിലും ചോർച്ചയൊന്നും കണ്ടെത്താനായിരുന്നില്ല. രണ്ട് പമ്പുകളിലും പരിശോധന നടത്തണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടില്ല. രണ്ടുവർഷം മുമ്പ് റോഡരികിലുള്ള ഫർണിച്ചർ സ്ഥാപനത്തിലെ കിണറ്റിലും ഡീസൽ കാണപ്പെട്ടിരുന്നു. പ്രദേശത്ത് കിണറുകളിൽ ഡീസൽ കാണപ്പെട്ടിട്ടും ഓയിൽ കമ്പനി വിഷയം ഗൗരവമായെടുക്കാഞ്ഞതിനാലാണ് പ്രദേശത്തെ കൂടുതൽ കിണറുകളിലേക്ക് ഡീസൽ ഒഴുകിയെത്താൻ ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. കിണർ വെള്ളത്തിൽ ഡീസൽ കാണപ്പെട്ടതോടെ മഞ്ഞക്കുഴിഭാഗത്തെ ദലിത് കുടുംബങ്ങൾ ഉൾെപ്പടെയുള്ളവർ ദുരിതത്തിലായി. ദിവസവും രണ്ട് ടാങ്ക് വെള്ളം വീതം രണ്ടുതവണ ഇവിടെയുള്ള വീട്ടുകാർക്ക് നൽകുന്നുണ്ടെങ്കിലും പ്രാഥമിക കൃത്യങ്ങൾക്കുപോലും ഇത് തികയാറില്ലെന്ന് വീട്ടുകാർ പറയുന്നു. കിണറുകളിൽ ഡീസൽ കാണപ്പെട്ടതിെൻറ അടുത്ത ദിവസം തന്നെ എം. നൗഷാദ് എം.എൽ.എ യോടൊപ്പം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെള്ളത്തിെൻറ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തെങ്കിലും അവർ ഒളിച്ചുകളി തുടരുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കിണറുകളിൽ ഡീസൽ കാണപ്പെട്ട വിവരമറിഞ്ഞ് സ്ഥലം സന്ദർശിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പിയും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എറണാകുളത്തെ ലാബിലേക്ക് വെള്ളം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ അന്ന് എം.പിയോട് പറഞ്ഞത്. മാസങ്ങൾ കഴിഞ്ഞിട്ടും പരിശോധന റിപ്പോർട്ട് പുറത്തുവിടാൻ മലിനീകരണ നിയന്ത്രണ ബോർഡ് തയാറാകാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് മയ്യനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഡി.വി. ഷിബു ആരോപിച്ചു. പ്രദേശവാസികളെ അണിനിരത്തിക്കൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡിെൻറ കൊല്ലത്തെ ഓഫിസിലേക്ക് മാർച്ച് കോൺഗ്രസ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.