പെറ്റികേസിൽപ്പെട്ടയാ​െള വീട്ടിൽ പൂട്ടിയിട്ട്​ പൊലീസ് താക്കോലുമായി പോയി

ശാസ്താംകോട്ട: മദ്യപിച്ച് ഇരുചക്രവാഹനം ഓടിച്ചതിന് പ്രതിയാക്കപ്പെട്ടയാളെ പിഴ ഒടുക്കിയിട്ടും പിടികൂടാൻ പൊലീസ് വാറൻറുമായെത്തി. പുലർച്ച രണ്ടിന് വീട്ടിലെത്തിയ ശാസ്താംകോട്ടയിലെ പൊലീസ് പുറത്തുനിന്ന് വീട് പൂട്ടി താക്കോലുമായി പോയെന്നു പരാതി. പൊലീസ് എത്തി വിളിച്ചിട്ടും കതകു തുറക്കാൻ കൂട്ടാക്കാതെയിരുന്ന പടിഞ്ഞാറെ കല്ലട വലിയ പാടം സുനിൽ ഭവനിൽ സുനിൽ കുമാറിനാണ് (38) ഇപ്പോഴും താക്കോൽ തിരികെ കിട്ടാത്തതിനാൽ മാതാവിനൊപ്പം വീടിന് പുറത്ത് കഴിയേണ്ട അവസ്ഥയുണ്ടായത്. ഒന്നര വർഷം മുമ്പാണ് സുനിൽകുമാറിനെതിരെ ശാസ്താംകോട്ട പൊലീസ് വാഹന പരിശോധനക്കിടെ കേസെടുത്തത്. പല തവണ കോടതി സമൻസ് അയച്ചിട്ടും ഇയാൾ ഹാജരാകാതെ വന്നപ്പോൾ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച് തുടർനടപടിക്ക് ശാസ്താംകോട്ട പൊലീസിന് കൈമാറി. ഇതറിഞ്ഞ സുനിൽ കുമാർ ഫെബ്രുവരി എട്ടിന് അഭിഭാഷകൻ മുഖേന 1500 രൂപ പിഴ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ ഒടുക്കി. ഇതറിയാതെയാണ് ചൊവ്വാഴ്ച പുലർച്ച ഇയാളെ പിടികൂടാൻ പൊലീസ് സന്നാഹമെത്തിയത്. ആ സമയം സുനിൽകുമാർ മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. പൊലീസിനെ കണ്ട് ഭയന്ന സുനിൽ കുമാർ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രധാന വാതിലിൽ കിടന്ന താക്കോൽ ഉപയോഗിച്ച് വീട് പൂട്ടിയ ശേഷം താക്കോലുമെടുത്ത് പൊലീസ് മടങ്ങിപ്പോയെന്നാണ് സുനിൽകുമാർ ഉന്നതാധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്. താക്കോൽ തിരികെ ലഭിക്കാത്തതിനാൽ സുനിൽകുമാറി​െൻറ കുടുംബത്തിന് ബുധനാഴ്ചയും മുൻവാതിൽ വഴി വീടിനകത്ത് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, തങ്ങൾ വീട് പൂട്ടി താക്കോൽ എടുത്തിട്ടില്ലെന്നും മറ്റാരെങ്കിലുമാണോ അത് ചെയ്തതെന്ന് അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ ഒന്നര മാസത്തിനകം പടിഞ്ഞാറേ കല്ലടയിൽ ശാസ്താംകോട്ട പൊലീസ് നടത്തുന്ന രണ്ടാമത്തെ വീടുകയറിയുള്ള അതിക്രമമാണിതെന്ന് ആരോപണമുണ്ട്. ഡി.വൈ.എഫ്.ഐ വില്ലേജ് ഭാരവാഹിയുടെ വീട്ടിലെ ജനൽച്ചില്ല് രാത്രി കൈ കൊണ്ട് അടിച്ച് പൊട്ടിക്കുന്നതിനിടെ വിനോദ് എന്ന പൊലീസുകാര​െൻറ കൈപ്പത്തി മുറിഞ്ഞിരുന്നു. ഇയാൾ ചോര പുരണ്ട കൈപ്പത്തി കതകിലും ചുമരിലും പതിച്ചത് ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഈ സംഭവത്തെ തുടർന്ന് സി.പി.എം ഏരിയ സെക്രട്ടറി ഡോ. പി.കെ. ഗോപൻ പരസ്യപ്രസ്താവനയുമായി പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.