കൊട്ടിയം: കശുവണ്ടി ഫാക്ടറിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കാതെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കശുവണ്ടി ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾ കൂട്ടമായി ആശുപത്രിയിലെത്തിയത് കൊട്ടിയത്തെ സ്വകാര്യ ആശുപത്രി വളപ്പിൽ സംഘർഷാവസ്ഥക്ക് കാരണമാക്കി. പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പിരിഞ്ഞുപോകാൻ സ്ത്രീ തൊഴിലാളികൾ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം ആശുപത്രിയുടെ മറ്റൊരു വാതിലൂടെ പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തോടെ കൊട്ടിയം ജങ്ഷനടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. നെടുമ്പന പഞ്ചായത്തിലുള്ള മുട്ടക്കാവിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ഷെല്ലിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മുട്ടക്കാവ് സ്വദേശിയായ ഷഫീക്കാണ് (37) രാവിലെ എട്ടരയോടെ ജോലിക്കിടയിൽ ഫാക്ടറിക്കുള്ളിൽ കുഴഞ്ഞുവീണത്. ഉടൻ കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടിയത്തെ ആശുപത്രിയിൽ എത്തിക്കുമ്പോൾ യുവതി മരിച്ചതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തുന്നതിനായി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. അപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി കശുവണ്ടി ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾ കൂട്ടമായി ആശുപത്രി വളപ്പിലെത്തിയത്. തങ്ങളുടെ മുന്നിലാണ് യുവതി കുഴഞ്ഞുവീണതെന്നും കഴിഞ്ഞ അഞ്ചുവർഷമായി യുവതി ഇ.എസ്.ഐ ആശുപത്രിയിലും ശ്രീചിത്രയിലുമായി ചികിത്സയിലാണെന്നും തൊഴിലാളികൾ പറഞ്ഞു. ചികിത്സ രേഖകൾകാട്ടി യുവതിയുടെ ഭർത്താവും സഹതൊഴിലാളികളും ഇത് ആവർത്തിച്ചുവെങ്കിലും ഇത് കൂട്ടാക്കാൻ പൊലീസ് തയാറായില്ല. തുടർന്ന് സ്ത്രീ തൊഴിലാളികൾ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി നിലത്തിരുന്നു. എന്നാൽ, ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം മറ്റൊരു വാതിലൂടെ പൊലീസ് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആസാദ് നാൽപങ്ങൽ, മൺസൂർ, ഡി.സി.സി അംഗം ആസാദ്, ഫൈസൽ കുളപ്പാടം എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.