തിരുവനന്തപുരം: മുഖ്യമന്ത്രി തിരിഞ്ഞുനോക്കാതായതോടെ അദ്ദേഹത്തിന് കീഴിലുള്ള അച്ചടിവകുപ്പിൽ കോടികളുടെ പദ്ധതികൾ അവതാളത്തിൽ. സർക്കാർ പ്രസുകളുടെ ആധുനീകരണം അടക്കം 30 കോടിയിൽപരം രൂപയുടെ പദ്ധതികളും പ്രവർത്തനങ്ങളുമാണ് എങ്ങുമെത്താതെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിനുപുറമേ ആനയത്ത് കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അച്ചടിവകുപ്പ് ഡയറക്ടർ ടി.വി. വിജയകുമാർ അവധിയിൽ പ്രവേശിച്ചതും വകുപ്പിന് തിരിച്ചടിയായി. ഇദ്ദേഹത്തിന് പകരം മറ്റൊരാൾക്ക് ചുമതല നൽകാൻ വകുപ്പ്മന്ത്രി കൂടിയായ മുഖ്യമന്ത്രി തയാറാകാത്തതോടെ സംസ്ഥാനത്ത് അച്ചടിവകുപ്പിെൻറ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസുകളുടെ നിലവാരം ഉയര്‍ത്തൽ, ആധുനികവത്കരണം എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് 2016 ലാണ് ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സംസ്ഥാന സർക്കാർ നിയോഗിക്കുന്നത്. ലാഭകരമല്ലാത്തതിനാൽ സംസ്ഥാനത്തെ നാല് സർക്കാർ പ്രസുകൾ അടച്ചുപൂട്ടണമെന്ന നിർദേശമാണ് ഫെബ്രുവരിയിൽ കമ്മിറ്റി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കമ്മിറ്റി അംഗം കൂടിയായിരുന്ന ഡയറക്ടർ ടി.വി. വിജയകുമാർ അവധിയിൽ പ്രവേശിച്ചത്, അതും അച്ചടിവകുപ്പ് സെക്രട്ടറി പോലും അറിയാതെ. ഡയറക്ടർ അവധിയിൽ പോയതോടെ 2016-17ൽ ഇ-ലാംസിൽ (ഇലക്‌ട്രോണിക്‌സ് ലെഡ്ജര്‍ അക്കൗണ്ട് മോണിറ്ററിങ് സംവിധാനം) ഉൾപ്പെടുത്തിയ 4.16 കോടി രൂപ വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. പ്രസുകളിൽ നൂതനയന്ത്രങ്ങൾ വാങ്ങുന്നതിന് അനുവദിച്ച തുക മാർച്ച് 31ന് മുമ്പ് വിനിയോഗിച്ചില്ലെങ്കിൽ പൂർണമായും നഷ്ടമാകും. കഴിഞ്ഞവർഷം ഫണ്ടിൽനിന്ന് 2.60 കോടി ചെലവാക്കി ആറ് പ്രോഗ്രാമബിൾ പേപ്പർ കട്ടിങ് യന്ത്രങ്ങൾ വാങ്ങിയെങ്കിലും ഇവയൊന്നും ഇപ്പോഴും പൂർണമായി പ്രവർത്തിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയയന്ത്രങ്ങൾ വാങ്ങുന്ന ഘട്ടത്തിൽ ഡയറക്ടർ അവധിയിൽപോയത്. ഡയറക്ടർ ഇല്ലാത്തതിനാൽ 2017-18 ഘട്ടത്തിൽ ഭരണാനുമതി ലഭിച്ച യന്ത്രങ്ങൾക്ക് സപ്ലൈ ഓഡർ നൽകിയിട്ടില്ല. അടിയന്തരമായി മാറേണ്ട പല ബില്ലുകളും ഫയലുകളിൽ കെട്ടിക്കിടക്കുകയാണ്. മാർച്ചിൽ നടക്കേണ്ട 12 കോടിയുടെ ലേലനടപടികൾ അവതാളത്തിലായതോടെ സ്വകാര്യ കരാറുകാരും പ്രതിഷേധത്തിലാണ്. ആധുനീകരണത്തിെൻറ ഭാഗമായി പ്രസുകളിൽ നടപ്പാക്കുന്ന 'കമ്പോസ്' സോഫ്റ്റ് വെയറിെൻറയും വെബ് സൈറ്റിെൻറയും പ്രവർത്തനങ്ങളും വേരറ്റ അസ്ഥയിലാണ്. ഇതിനുപുറമെ ജീവനക്കാരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, അവധി എന്നിവയിലും കാര്യമായ നടപടികളുണ്ടായിട്ടില്ല. വകുപ്പ് സെക്രട്ടറി സുമന എൻ. മേനോനെ ജീവനക്കാരും സർവിസ് സംഘടനാ പ്രതിനിധികളും പ്രശ്നങ്ങൾ ധരിപ്പിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണിവർ. -അനിരു അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.