പുനലൂർ: ബ്രോഡ്ഗേജ് നിർമാണം പുരോഗമിക്കുന്ന പുനലൂർ--ചെങ്കോട്ട ലൈനിൽ ഇടമൺ റെയിൽവേ സ്റ്റേഷനിൽ അപാകതയിലായിരുന്ന ലൈനിലെ അലൈൻമെൻറ് മാറ്റം പൂർത്തിയായില്ല. നിർമാണ പ്രവർത്തനം കണക്കിലെടുത്ത് പുനലൂർ- ഇടമൺ ലൈനിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നിർത്തിവെച്ചിരുന്ന സർവിസുകൾ പുനരാരംഭിക്കൽ ഇനിയും വൈകും. ഇടമൺ സ്റ്റേഷനോടനുബന്ധിച്ച് ഷണ്ടിങ്ങിനായി സ്ഥാപിച്ചിരുന്ന പാളത്തിലെ അപാകത ഒഴിവാക്കാനാണ് അലൈൻമെൻറ് മാറ്റാൻ തീരുമാനിച്ചത്. ഷണ്ടിങ് പോയൻറിലെ അപാകതയെ തുടർന്ന് ഇവിടെ രണ്ടുതവണ എൻജിൻ പാളം തെറ്റിയിരുന്നു. കഴിഞ്ഞമാസം ലൈനിലെ സുരക്ഷ പരിശോധനെക്കത്തിയ സുരക്ഷ കമീഷണറുടെ നിർദേശപ്രകാരം പാളം ഇളക്കിപ്പണിയുകയാണ്. നേരത്തെ ലൈനിന് പത്ത് ഡിഗ്രി വളവുണ്ടായിരുന്നത് ഇപ്പോൾ എട്ട് ഡിഗ്രിയായി കുറച്ചു. കൂടാതെ വളവിലുണ്ടായിരുന്ന ഷണ്ടിങ് പോയൻറ് പ്ലാറ്റ്ഫോമിനോട് ചേർത്ത് മാറ്റിയിട്ടുണ്ട്. റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിെൻറ മേൽനോട്ടത്തിൽ 75 ജീവനക്കാരും യന്ത്രസാമഗ്രികളും കഠിന പരിശ്രമംചെയ്ത് അലൈൻമെൻറ് മാറ്റം അടക്കമുള്ള ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും ശനിയാഴ്ച തീർന്നില്ല. എന്നാൽ പാളം ഇളക്കിയ ഭാഗത്ത് ഞായറാഴ്ച മെറ്റൽ പാക്കിങ് പൂർത്തിയാക്കി തിങ്കളാഴ്ചയോടെ സർവിസ് പുനരാരംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. ഇടമണ്ണിലെ അലൈൻമെൻറ് മാറ്റം പുരോഗമിക്കുന്നതോടെ ലൈനിലെ പ്രധാനപ്പെട്ട ജോലികളെല്ലാം പൂർത്തിയായി സർവിസിന് സജ്ജമാകും. സുരക്ഷ കമീഷണറുടെ പരിശോധനയിൽ തെന്മല, ആര്യങ്കാവ് ഭാഗങ്ങളിൽ കണ്ടെത്തിയ അപാകതകളും പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പണികൾകൂടി പൂർത്തിയായാൽ ഈ മാസം ഈ ലൈനിൽ പൂർണമായി ട്രെയിൻ ഓടിത്തുടങ്ങാനാവുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ഇടമൺവരെ സർവിസ് ഉണ്ടായിരുന്ന ഗുരുവായൂർ, കൊല്ലം പാസഞ്ചറുകൾ പുനലൂർ ഇപ്പോൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ച് മടങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.