കോവളം: ബൈപാസ് നിർമാണം നടക്കുന്ന കോവളം ജങ്ഷനിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പാലം നിർമിക്കണമെന്ന ആവശ്യം ശക്തം. ആറ് പ്രധാന റോഡുകൾ സന്ധിക്കുന്ന ജങ്ഷെൻറ സമീപപ്രദേശങ്ങളിൽ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. ഇവർക്കായി മേൽപ്പാലം നിർമിക്കാതെ ബൈപാസ് നിർമാണം പൂർത്തിയായാൽ പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെേട്ടക്കും. നിലവിൽ കെ.എസ് റോഡ്, കമുകിൻകുഴി, വലിയ കുളത്തിൻകര, വേടർ കോളനി, കോവളം ബീച്ച്, തൊഴിച്ചൽ, നെടുമം തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് കോവളം ബീച്ച് റോഡിലേക്കും വിഴിഞ്ഞത്തേക്കും നഗരത്തിലേക്കും പോകാനും ബൈപാസിന് ഇരുവശത്തുമുള്ള ബസ് സ്റ്റോപ്പുകളിൽ എത്തണമെങ്കിലും റോഡ് മുറിച്ചുകടക്കാൻ ഒരുകിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. മാത്രമല്ല ഈ ഭാഗത്തെ ബൈപാസ് റോഡ് നിർമാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്. കോവളം ജങ്ഷനിൽനിന്ന് ആഴാകുളം വരെയുള്ള അര കിലോമീറ്ററിലധികം വരുന്ന ഫ്ലൈഓവർ മണ്ണിട്ട് ഉയർത്തി ഇൻറർലോക് ഇഷ്ടികയും സോയിൽ നെറ്റ് ടെക്നോളജിയുമുപയോഗിച്ച് ഭീമാകാരമായ ഉയരത്തിൽ ഇരുവശവും കെട്ടിയടച്ചാണ് നിർമിച്ചിരിക്കുന്നത്. ഇതിന് പകരം ബീമുകൾ നിർമിച്ച് അതിനുമുകളിൽ ഫ്ലൈഓവർ നിർമിച്ചിരുന്നെങ്കിൽ അര കിലോമീറ്ററോളം വരുന്ന ഈ പ്രദേശത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കുമായിരുന്നു. അന്തർദേശീയ വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ലഭിക്കാതെ ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവാണ്. എന്നിട്ടും സ്ഥലം കെട്ടിയടച്ച് ഫ്ലൈഓവർ നിർമിക്കുകയായിരുന്നത്രെ. ജങ്ഷനിൽ മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് എം. വിൻസൻറ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകീട്ട് ജങ്ഷനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.