കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് മന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനത്തിൽ അസോസിയേഷൻ നേതാക്കളെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസി​െൻറ ദാസ്യപ്പണി പോലെയുള്ള സംഭവങ്ങൾ സർക്കാറി​െൻറ ശ്രദ്ധയിൽ കൊണ്ടുവരേണ്ട അസോസിയേഷൻ നേതാക്കൾ ഇത്തരംരീതികൾ ഒരു സൗകര്യമായി കാണുന്നുണ്ടോയെന്ന് സംശയിക്കണം. പൊലീസുകാരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സർക്കാറിനെ അറിയിക്കാനും അത് പരിഹരിക്കാനും അസോസിയേഷൻ തുടർച്ചയായി ശ്രമിക്കണം. അല്ലാതെ അസോസിയേഷൻ വഴി ഉന്നതസ്ഥാനങ്ങളിൽ എത്താൻ ശ്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രിമാർക്കും എം.എൽ.എമാർക്കും എന്തിനാണ് പൊലീസുകാർ. ചിലർ ചെയ്യുന്ന കാര്യങ്ങൾ സേനയെ മുഴുവൻ ബാധിക്കുകയാണ്. ആര് അന്യായമായി പൊലീസിനെ ഉപയോഗിച്ചാലും അത് തെറ്റാണ്. മാന്യമായി ശമ്പളം വാങ്ങി ജോലിചെയ്യുന്ന പൊലീസുകാരനോട് വീട്ടിലെ വാല്യക്കാരനോടുള്ള സമീപനം ശരിയല്ല. മുമ്പ് ഒരു മേലുദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ കഴുത്തിന് കുത്തിപ്പടിച്ച് ചുമരിൽ ചേർത്ത ചിത്രം നേരത്തെ കണ്ടിട്ടുണ്ട്. ചില പൊലീസുകാർ അടുക്കളപ്പണിയും പട്ടിയെ കുളിപ്പിക്കലും ഒക്കെ നടത്തി വിടുപണി ചെയ്യാൻ തയാറായി നടക്കുന്നുണ്ട്. ഇവർ മറ്റ് പൊലീസുകാർക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സർവിസിൽനിന്ന് വിരമിച്ച വി. ഷാജി, കെ. വിജയൻ നായർ, പി.എ. പാർഥൻ എന്നിവരെ മന്ത്രി ആദരിച്ചു. ഒളിമ്പിയ ഹാളിൽ നടന്ന ചടങ്ങിൽ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡി.കെ. പ്രിഥിരാജ് അധ്യക്ഷത വഹിച്ചു. ബറ്റാലിയൻ ഡി.ഐ.ജി ഷഫീൻ അഹമ്മദ്, റൂറൽ ജില്ല പൊലീസ് മേധാവി പി. അശോക്കുമാർ, കെ. ഭാസ്കരൻ, പി.ജി. അനിൽകുമാർ, ടി.എസ്. ബൈജു എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു സ്വാഗതവും കെ.ജി. പ്രകാശ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.