കരുനാഗപ്പള്ളി: ദേശീയപാതയിൽ പുത്തൻതെരുവ് ജങ്ഷനിൽ പ്രവർത്തിക്കുന്ന മൊബൈൽ കടയുടെ പൂട്ട് തകർത്ത് മോഷണം. നിസാമിെൻറ ഉടമസ്ഥതയിലുള്ള മൊബിടെക് എന്ന സ്ഥാപനത്തിലാണ് മോഷണം. കഴിഞ്ഞദിവസം രാത്രി രണ്ട് മണിയോടെ സ്വിഫ്റ്റ് കാറിൽ എത്തിയ മോഷ്ടാക്കൾ കടയുടെ ഷട്ടറിെൻറ പൂട്ട് കല്ല് കൊണ്ട് ഇടിച്ച് തകർത്ത ശേഷമായിരുന്നു കവർച്ച. വിൽപനക്കായി വെച്ചിരുന്ന വിവിധ കമ്പനികളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ, റിപ്പയറിങ്ങിനായി വെച്ചിരുന്ന പ്രദേശവാസികളുടെ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ, റി ചാർജ് കൂപ്പണുകൾ, വിവിധ ഇനം മൊബൈൽ കവറുകൾ എന്നിവക്ക് പുറമെ നാലായിരം രൂപയുമാണ് അപഹരിച്ചത്. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുലർച്ചെ ഏഴുമണിയോടെ സമീപത്തെ ബേക്കറി കടക്കാരൻ കട തുറക്കുന്നതിന് എത്തിയപ്പോഴാണ് മൊബൈൽ കടയുടെ ഷട്ടർ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ബേക്കറിയിലെ സി.സി.ടി.വി ദൃശ്യത്തിൽ ആദ്യം ഒരാൾ ബൈക്കിൽ എത്തുന്നതും തുടർന്ന് കാറിൽ എത്തി പൂട്ട് തല്ലിത്തകർക്കുന്നതിെൻറയും ദൃശ്യങ്ങൾ കാണാം. കരുനാഗപ്പള്ളി പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് എ.സി.പി വിനോദിെൻറ നേതൃത്വത്തിൽ എസ്.ഐ ഉമറുൽ ഫാറൂക്ക്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, വിരലടയാള വിദഗ്ധർ, ടോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മോഷണത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻതെരുവ് യൂനിറ്റ് പ്രതിഷേധിച്ചു. പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി നിജാം ബക്ഷി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് നിസാം വയലിൽ അധ്യക്ഷതവഹിച്ചു. മുരളീധരൻ, വി. ശശിധരൻ നായർ, എം.എ. ലത്തീഫ്, റെജി, അഷറഫ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.