സർക്കാർ-സ്വകാര്യസ്​ഥാപനങ്ങളുടെ ടെറസിൽ സൗരോർജ പാനൽ സ്​ഥാപിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതോൽപാദനം വർധിപ്പിക്കാൻ വീടുകളുടെയും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ, സർക്കാർ-സ്വകാര്യ ഒാഫിസുകൾ എന്നിവയുടെയും ടെറസിൽ സൗരോർജ പാനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. ഉൗർജകേരള മിഷൻ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബിയും അനർട്ടും സംയുക്തമായാണ് 'സൗര' പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സ്ഥാപനങ്ങൾക്കുതന്നെ ഉപയോഗിക്കാം. അല്ലെങ്കിൽ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകാം. സൗരോർജ പാനൽ വെക്കാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് ബാങ്കുകളിൽനിന്ന് കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കുന്നത് പരിശോധിക്കും. വായ്പ തിരിച്ചടക്കാൻ വൈദ്യുതി ബില്ലിലെ കുറവ് കാരണം സാധിക്കും. നിലവിലെ 110 മെഗാ വാട്ട് സൗരോർജ ഉൽപാദനം ആയിരം മെഗാവാട്ടാക്കി ഉയർത്തുകയാണ് ലക്ഷ്യം. എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാനും കെ.എസ്.ഇ.ബി മുൻകൈയെടുക്കും. വൈദ്യുതിവിതരണ ശൃംഖല മൂന്ന് വർഷംകൊണ്ട് നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.