കൊല്ലം: ലൈഫ് മിഷെൻറ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 2942 വീടുകള്‍ പൂര്‍ത്തീകരിച്ചു. പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് ഒന്നാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ആകെ 3871 വീടുകളാണ് ജില്ലയില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്. 76 ശതമാനമാണ് ഇതുവരെയുള്ള നേട്ടം. ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഭവനനിര്‍മാണത്തിനായി ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി സിമൻറ് കട്ടകള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച് നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പഞ്ചായത്തുകള്‍ക്ക് റവന്യൂ വക ഭൂമി അനുയോജ്യമായ മേഖലയില്‍ ലഭ്യമാണെങ്കില്‍ സിമൻറ് കട്ടകള്‍ നിര്‍മിക്കുന്ന യൂനിറ്റ് ഇവിടെ ആരംഭിക്കുന്നതിന് മൂന്നുവര്‍ഷത്തേക്ക് താൽക്കാലിക അനുമതി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഗുണഭോക്താക്കള്‍ക്ക് ഈ മാസംതന്നെ കരാര്‍ പ്രകാരം ആദ്യഗഡു തുക നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്തുകള്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലൈഫ് മിഷന്‍ എം.ഐ.എസ് വഴി ഈ മാസം 16 ഓടെ അനുമതി നല്‍കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കും. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട യൂനിറ്റ് രൂപവത്കരിക്കുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരും പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.